നടനും സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ പ്രതാപ് പോത്തന് അന്തരിച്ചു. 69 വയസ്സായിരുന്നു. ചെന്നൈയിലെ ഫ്ളാറ്റില്‍ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിര്‍മ്മാതാവ, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനാണ്.
1952 ല്‍ കുളത്തുങ്കല്‍ പോത്തന്റെ മകനായി തിരുവനന്തപുരത്ത് ജനനം. വിദ്യാഭ്യാസം ഊട്ടിയിലെ ലോറന്‍സ് സ്കൂളില്‍. ബിരുദം പഠിച്ചതാകട്ടെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജിലും. കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ അഭിനയത്തില്‍ അതീവതല്പ്പരനായിരുന്നു. സംവിധായകന് ഭരനുമായുള്ള അടുപ്പമാണ് പ്രതാപിനെ സിനിമയിലേയ്ക്കെത്തിച്ചത്.
1978 ല്‍ ഭരതന് സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ തന്നെ തകരയിലൂടെ മലയാളത്തില്‍ നിറസാന്നിദ്ധ്യമായി മാറിയ പ്രതാപ് പോത്തന് 80 കളുടെ ഹരമായി മാറുകയായിരുന്നു. ചാമരം, നവംബറിന്റെ നഷ്ടം, ലോറി എന്നീ മലയാളചിത്രങ്ങളും തമിഴില്‍ അഴിയാത കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, മൂടുപണി(മൂടല്‍മഞ്ഞ്), മീണ്ടും കാതല്‍ കഥൈ, വറുമൈയിന്‍ നിറം സികപ്പ് തുടങ്ങിയ സിനിമകളും പ്രതാപ് പോത്തനിലെ നടനെ തിരിച്ചറിയാന്‍ സഹായിച്ചു.
ഒരു ഇടവേളയ്ക്കുശേഷം ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ ശക്തമായ മടങ്ങിവരവ് നടത്തി. പിന്നീട് നിരവധി ശ്രദ്ധേയമായ വേഷങ്ങളും. ഏറ്റവും ഒടുവിലായി മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിലും. മികച്ച സിനിമകള്‍മാത്രം മനസ്സില്‍ കൊണ്ടുനടന്ന കലാകാരനായിരുന്നു പ്രതാപ് പോത്തന്. അതുകൊണ്ടുതന്നെ മലയാളത്തിലും തമിഴിലും അദ്ദേഹത്തിന്റെ തുടക്കകാലത്ത് അത്തരം സിനിമകളില്‍ പങ്കാളിയാകുവാനും കഴിഞ്ഞിരുന്നു. തമിഴിലും മലയാളിത്തിലുമായി കെ. ബാലചന്ദര്‍, ബാലു മഹേന്ദ്ര, മഹേന്ദ്രന്, ഭരതന്, പത്മരാജന് എന്നിവരുടെ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകമനസ്സില്‍ മായാതെ നില്ക്കുന്നു.
ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേതം എന്നീ മലയാളചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കലാപരമായ ചിത്രങ്ങള്‍ മാത്രമല്ല, കൊമേഴ്സ്യല്‍ ഘടകങ്ങളും ഉള്‍പ്പെടുത്തി തമിഴിലും തെലുങ്കിലുമായി ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ഏറെ ശ്രദ്ധേയമായത് കമല്‍ ഹാസന്, പ്രഭു എന്നിവരെ ഒന്നിച്ചഭിനയിപ്പിച്ച വെട്രിവിഴയാണ്. മീണ്ടും ഒരു കാതല്‍ കഥൈയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രശസ്ത നിര്‍മ്മാതാവ് ഹരിപോത്തന് സഹോദരനാണ്.
തമിഴില്‍ ആദ്യം സംവിധാനം ചെയ്ത മീണ്ടും ഒരു കാതല്‍ കഥൈയുടെ നിര്‍മ്മാതാവും നായികയുമായ രാധികയെ 1985 ല്‍ പ്രതാപ് പോത്തന് വിവാഹം ചെയ്തെങ്കിലും തൊട്ടടുത്ത വര്‍ഷംതന്നെ അവര്‍ വേര്‍പിരിയുകയായിരുന്നു. പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം കഴിച്ചുവെങ്കിലും 2012 ഓടെ ആ ബന്ധവും അവസാനിച്ചിരുന്നു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്. കേയ ഗായികയാണ്.
Recent Comments