മുന്‍ കേന്ദ്രമന്ത്രിയും തെന്നിന്ത്യന്‍ ചലച്ചിത്ര സൂപ്പര്‍ താരവുമായ ചിരഞ്ജീവി ബ്രഹ്മകലശ ദിനമായ ഇന്നലെ ക്ഷേത്ര ദര്‍ശനം നടത്തി. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഗുരുവായൂരില്‍ വന്നിട്ടുണ്ട്. ഉച്ചതിരിഞ്ഞ് 3 മണിയോടെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ ചിരഞ്ജീവി നാലരയോടെ നട തുറക്കുന്ന സമയത്ത് പത്നി സുരേഖയുമൊന്നിച്ചാണ് ക്ഷേത്രത്തിലേക്ക് തൊഴാന്‍ വന്നത്. ക്ഷേത്രത്തിലെത്തിയ ചിരഞ്ജീവിയെ ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാടും അഡ്മിനിസ്ട്രറ്റര്‍ കെ.പി.വിനയനും ചേര്‍ന്ന് സ്വീകരിച്ചു.
ശ്രീകോവിലിനു മുന്നില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചു തൊഴുത് കാണിക്കയര്‍പ്പിച്ചു. ക്ഷേത്രത്തില്‍ വലം വെച്ച് ഉപദേവന്മാരായ അയ്യപ്പസ്വാമിയെയും ഭഗവതിയെയും തൊഴുതു. ദേവസ്വത്തിന്റെ പ്രസാദ കിറ്റ് മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരി ചിരഞ്ജീവിക്ക് നല്കി. ദേവസ്വത്തിന്റെ സ്നേഹോപഹാരം അഡ്മിനിസ്ട്രേറ്റര്‍ കെ.പി വിനയന് അദ്ദേഹത്തിന് സമ്മാനിച്ചു. ശ്രീവത്സത്തില്‍ പുതുതായി പണിതീര്‍ത്ത പദ്മനാഭന്റെ ശില്പത്തിനരികില് നിന്ന് കുറെ ഫോട്ടോയെടുത്തു. ഗജരത്നത്തിന്റെ വിവരണങ്ങള്‍ മുന്‍ ഭരണ സമിതിയംഗം കെ.വി. ഷാജിയില്‍നിന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. ശില്പത്തിന്റെ സൗന്ദര്യം ആസ്വദിച്ച ചിരഞ്ജീവി പദ്മനാഭന്റെ തുമ്പികൈ കെട്ടി പുണര്‍ന്നു.
‘കേരളത്തിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മാതൃകാപരമാണ്. മലയാളികള്‍ എല്ലാ ഭാഷയേയും സ്നേഹിക്കുന്നു. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അവസരം വന്നാല്‍ അഭിനയിക്കും. മലയാള നായകന്മാരും സിനിമകളും തെലുങ്കില്‍ പ്രിയമാണ്. മലയാളത്തില്‍ ഹിറ്റായ ദൃശ്യം അവിടെയും ഹിറ്റാണ്. നല്ല കഥകളുടെ പിന്‍ബലമാണ് മലയാള സിനിമയുടെ തനിമ. കേരളത്തില്‍ തനിക്കും ഏറെ ആരാധകരുണ്ടെന്നതില്‍ അഭിമാനമുണ്ട്.’ ചിരഞ്ജീവി പറഞ്ഞു
തനിക്ക് എല്ലാ ഫോട്ടോയും അയച്ചു തരണമെന്ന് ശ്രീവത്സം മാനേജര്‍ ബിനുവിനോട് പ്രത്യേകം പറഞ്ഞു. എല്ലാവരോടും നന്ദി പറഞ്ഞ് 6 മണിക്ക് അദ്ദേഹം ഗുരുവായൂരില്‍ നിന്നും മടങ്ങി.
-ബാബു ഗുരുവായൂര്‍
Recent Comments