പ്രശസ്ത ചലച്ചിത്ര നടന് ഡെല്‍ഹി ഗണേഷ് നിര്യാതനായി. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഏറെ നാളായി അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടു കൂടിയായിരുന്നു അന്ത്യം. മകന് കൂടിയായ മഹാദേവന് ഗണേഷാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം പുറത്ത് വിട്ടത്.
ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഗണേഷ് ജോലി രാജിവച്ചാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കെ. ബാലചന്ദറിന്റെ പട്ടിണപ്രവേശമാണ് ആദ്യ ചിത്രം. കെ. ബാലചന്ദര്‍ തന്നെയാണ് അദ്ദേഹത്തിന് ഡെല്‍ഹി ഗണേഷ് എന്ന പേര് സമ്മാനിച്ചത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് ഒരു തിയേറ്റര്‍ ഗ്രൂപ്പിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എം.എ. കാജ സംവിധാനം എങ്കമ്മ മഹാറാണിയാണ് അദ്ദേഹം നായകവേഷം ചെയ്ത ആദ്യചിത്രം. പിന്നീട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സഹനടനായും കൊമേഡിയനായും ശോഭിച്ചു. കമല്‍ഹാസനൊപ്പം നിരവധി ചിത്രങ്ങളുടെ ഭാഗമായി. നായകന്, മൈക്കിള്‍ മദന കാമരാജന്‍, അവ്വൈഷണ്മുഖി, തെന്നാലി, പാപനാശം എന്നിവ അവയില്‍ ചിലതാണ്. കമല്‍ഹാസനോടൊപ്പം അഭിനയിച്ച അപൂര്‍വ്വ സഹോദരങ്ങളില്‍ ഒരു വില്ലന്‍ വേഷം ചെയ്യുന്നതും ഗണേഷായിരുന്നു. കമല്‍ഹാസനോടൊപ്പമുള്ള ഇന്ത്യന്‍ 2 ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.
മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഗമനം, ധ്രുവം, ദേവാസുരം, കാലാപാനി എന്നിവ അതില്‍ ചിലത് മാത്രമാണ്.
Recent Comments