ചലച്ചിത്ര നടന് ജി.കെ. പിളള അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ വച്ച് ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അന്ത്യം. ശവസംസ്കാര ചടങ്ങുകള്‍ നാളെ ഉച്ചയോടെ നടക്കും.
ചെറിയ പനിയെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ഇന്ന് രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. അല്‍പ്പസമയത്തിനകം ബോഡി വര്‍ക്കല ഇടവയിലുള്ള വീട്ടിലേയ്ക്ക് കൊണ്ടുവരും.
തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല ഇടവയ്ക്കടുത്ത് വലിയ മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി 1924ല്‍ ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്കൂളില്‍ വിദ്യാഭ്യാസം. പ്രേംനസീര്‍, ഭരത്ഗോപി, ശോഭന പരമേശ്വരന് നായര്‍ തുടങ്ങിയവര്‍ ഈ സ്കൂളില്‍ അദ്ദേഹത്തിന്റെ സഹപാഠികളായി പഠിച്ചവരായിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ ജോയിന്‍ ചെയ്തു. ദീര്‍ഘ നാളത്തെ പട്ടാളജീവിതം ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. പ്രേംനസീറുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ സിനിമയിലെത്തിക്കുന്നത്.
1954 ല്‍ പുറത്തിറങ്ങിയ സ്നേഹസീമയിലൂടെയായിരുന്നു തുടക്കം. തുടര്‍ന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാന്, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയില്‍ വേഷമിട്ടു. കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന് എക്സ്പ്രസ് എന്നിവയില്‍ പ്രധാന വില്ലന്‍ ജി.കെ. പിള്ളയായിരുന്നു. 350 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങള്‍ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.
1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയം വരം എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും അസിസ്റ്റന്റ് എഡിറ്ററായും ജി.കെ. പിള്ള പ്രവര്‍ത്തിച്ചു. 2005 മുതലാണ് ജി.കെ. പിള്ള ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിയ്ക്കാന്‍ തുടങ്ങിയത്. കടമറ്റത്തു കത്തനാര് ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയല്‍. തുടര്‍ന്ന് വിവിധചാനലുകളിലായി പല സീരിയലുകളില്‍ ജി കെ പിള്ള അഭിനയിച്ചു. 2011ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ച കുങ്കുമപ്പൂവ് എന്ന സീരിയലില്‍ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.
ഭാര്യ ഉത്പലാക്ഷിയമ്മ ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. മക്കള്‍ പ്രതാപചന്ദ്രന്, ശ്രീകല ആര് നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനന്, പ്രിയദര്ശനന്.
Recent Comments