ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വൈശാഖിന്റെ അമ്മയെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ഇന്ന് രാവിലെ വൈശാഖിന്റെ അമ്മ ബീനാകുമാരിയെ ലാല്‍ നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു.
‘അമ്മ, ഞാന്‍ മോഹന്‍ലാലാണ്. കാര്യങ്ങളൊക്കെ അറിഞ്ഞു. ഞാന്‍ ഒരിക്കല്‍ വൈശാഖിനെ കണ്ടിട്ടുണ്ട്. ഫാന്‍സ് അസോസിയേഷനിലൊക്കെ ഉണ്ടായിരുന്നു. എന്താ പറയേണ്ടതെന്ന് അറിയില്ല. സമാധാനിക്കൂ, എന്നേ എനിക്ക് പറയാനാകൂ. വലിയ കാര്യംതന്നെയാണ്. അമ്മയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഞങ്ങള്‍ ഒപ്പമുണ്ട്.’ എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഫോണ്‍സംഭാഷണം അവസാനിപ്പിക്കുന്നത്.
ലാലേട്ടന്റെ വാക്കുകള്‍ അമ്മയ്ക്ക് ഏറെ ആശ്വാസമായെന്ന് ബന്ധുകൂടിയായ ആദര്‍ശ് പറഞ്ഞു.
മറാത്തി റെജിമെന്റിലെ ജവാനായിരുന്നു കൊല്ലം കുടവട്ടൂര്‍ സ്വദേശിയായ വൈശാഖ്. ഒക്ടോബര്‍ 11 തിങ്കളാഴ്ച തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വ്യാഴ്ച വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. അതിനു പിന്നാലെയാണ് വൈശാഖിന്റെ അമ്മയെത്തേടി ലാലിന്റെ ഫോണ്‍കോള്‍ എത്തിയത്.
ലാലിന്റെ ആരാധകനായിരുന്നു വൈശാഖ്. ഫാന്‍സ് അസോസിയേഷനിലെ മെമ്പറും. രണ്ടുതവണ വൈശാഖ് ലാലിനെ പോയി കണ്ടിട്ടുണ്ട്. ആദ്യം ലൂസിഫറിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു. അന്ന് ലാലിനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഇട്ടിമാണിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലും അദ്ദേഹം പോയിരുന്നു. അന്നും ലാലിനൊപ്പം ഫോട്ടോ എടുത്താണ് മടങ്ങിയത്.
Recent Comments