നെടുമുടിവേണു അന്തരിച്ചു. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 73 വയസ്സുണ്ടായിരുന്നു.
കരളിനെ ബാധിച്ച അര്ബ്ബുദത്തെത്തുടര്ന്ന് ദീര്‍ഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. അതില്‍നിന്ന് പതിയെ കരകയറി തുടങ്ങിയതായിരുന്നു. പക്ഷേ അനുബന്ധ രോഗങ്ങള്‍ ശരീരത്തെ കാര്ന്നുതുടങ്ങാന് മടി കാട്ടാത്തതിനെത്തുടര്ന്ന് ചികിത്സയിലുമായിരുന്നു. അതിനിടയിലാണ് മരണം അദ്ദേഹത്തെ കവര്‍ന്നുകൊണ്ടുപോയത്.
അടിമുടി നിറഞ്ഞ കലാകാരനായിരുന്നു കേശവന് വേണുഗോപാല്‍ എന്ന നെടുമുടി വേണു. കാവാലം നാരായണപ്പണിക്കരുടെ നാടകക്കളരിയില്നിന്നാണ് ആദ്യ അടവുകള്‍ പഠിച്ചുതുടങ്ങിയത്. നാട്യവും നടനവും മാത്രവുമല്ല സംഗീതവും കൂട്ടിനുണ്ടായിരുന്നു. അതുകൊണ്ടാണ് നെടുമുടിവേണു വെള്ളിത്തിരയില്‍ എത്തിയപ്പോഴും ആ അഭിനയച്ചുവടുകള്ക്ക് ഭാവരാഗങ്ങളുടെ തെളിമയുണ്ടായിരുന്നത്.
ഓരോ സമയം ആര്‍ട്ട് സിനിമയുടെയും കൊമേഴ്സ്യല്‍ സിനിമയുടെയും വക്താവായി തുടരുമ്പോഴും അദ്ദേഹം പാകപ്പെടുത്തിയത് സിനിമാഭിനയത്തിന്റെ പുതിയ വ്യാകരണമാണ്.
‘ഇന്ത്യന്‍’ എന്ന സിനിമയ്ക്കുവേണ്ടി ഉലകനായകനായ കമല്ഹാസന് വൃദ്ധനാകാന്‍ പ്രോസ്തെറ്റിക് മേക്കപ്പുകള്ക്കുവേണ്ടി മണിക്കൂറുകള്‍ ചെലവിട്ടപ്പോള്‍ വേണുവിന്റെ ശരീരഭാഷയിലേയ്ക്ക് അത് പടര്‍ന്നു കയറാന്‍ ഒരു ചെറിയ നരയുടെ ആവശ്യം മാത്രമേ വേണ്ടിവന്നുള്ളൂ. അത് കണ്ട് അമ്പരന്നുപോയവരുടെ കൂട്ടത്തില്‍ താനും ഉണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞത് കമല്ഹാസന് തന്നെയായിരുന്നു.
ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം ‘ഭരത’ത്തിലൂടെ മോഹന്ലാലിനെത്തേടിയെത്തുമ്പോള് അതേ സിനിമയിലെ പ്രകടനത്തെ മുന്‍നിര്‍ത്തി നെടുമുടി വേണുവിന് ആ അവാര്‍ഡ് കൊടുക്കണമെന്ന് വാദിച്ചവര്‍ അന്ന് അനേകം പേരുണ്ടായിരുന്നു. ഉത്തമനായ ആ കലാകാരന് പക്ഷേ പ്രതികരിച്ചത് മോഹന്‍ലാല്‍തന്നെയാണ് ആ പുരസ്കാരത്തിനര്ഹനെന്നാണ്. സൂക്ഷ്മാഭിനയത്തിന്റെ ഒരുപാടിടങ്ങളില്‍ രാമനാഥനെക്കാള് (വേണു ചെയ്ത വേഷം) ഗോപിനാഥന് (മോഹന്‍ലാല്‍ ചെയ്ത വേഷം) തന്നെയാണ് ഒരുപിടി മുന്നിലെന്ന് അദ്ദേഹം ഉറക്കെ പറയുമ്പോള്‍ ആ കലാകാരന്റെ ഉള്ളില്‍ നല്ലൊരു ഋഷിമനസ്സ് കൂടിയുണ്ടായിരുന്നു.
Recent Comments