ഗണ്‍പത് എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടന് റഹ്മാന് മുംബയിലാണുള്ളത്. അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഷോട്ടിലായിരുന്നു. കുറച്ചു കഴിഞ്ഞ് റഹ്മാന് തിരിച്ചു വിളിച്ചു. ജോണ്‍പോളിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ വൈകുന്നേരം റൂമിലെത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. ഏഴ് മണിക്ക് ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചു. ആമുഖത്തോടെ റഹ്മാന് പറഞ്ഞു തുടങ്ങി.
‘ശരിക്കും ഞാന്‍ അദ്ദേഹത്തെ കാണാന്‍ നേരിട്ട് വരേണ്ടതായിരുന്നു. ചെന്നൈയിലായിരുന്നെങ്കില്‍ തീര്‍ച്ചയായും എങ്ങനെയും എത്തിച്ചേരുമായിരുന്നു. ഗണപത് എന്ന ഹിന്ദി സിനിമയുടെ ലൊക്കേഷനിലാണ് ഞാനിപ്പോഴുള്ളത്. ഫുള്‍ ആര്‍ട്ടിസ്റ്റുകളും മുന്നൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന ഫൈറ്റ് സീനാണ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് മുടക്കി വരാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ജോണ്‍പോള്‍ സാറിന് റീത്ത് വയ്ക്കാന്‍ ഏര്‍പ്പാട് ചെയ്തത്. നേരിട്ട് എത്താന്‍ കഴിയാത്തതിന്റെ വേദനയുണ്ട്.’ റഹ്മാന് തുടര്‍ന്നു.
‘എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയറിലെ ഒരു പ്രധാന ഭാഗമായിരുന്നു ജോണ്‍പോള്‍ സാര്‍. എനിക്ക് മികച്ച കഥയും കഥാപാത്രവും സമ്മാനിച്ചത് അദ്ദേഹമായിരുന്നു. പ്രത്യേകിച്ചും എന്റെ തുടക്കകാലത്ത്. ഇത്തിരിപൂവേ ചുവന്നപൂവേ, ഈറന്‍ സന്ധ്യ, അറിയാത്ത വീഥികള്‍, ഈ തണലില്‍ ഇത്തരി നേരം, ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, അടുത്തടുത്ത് തുടങ്ങിയ സിനിമകളില്‍ എനിക്ക് അവസരങ്ങള്‍ നല്‍കിയെന്ന് മാത്രമല്ല, അവയൊക്കെ വന്‍ വിജയങ്ങളുമായിരുന്നു. അതെന്റെ കരിയറിനെ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വിയോഗം തീരാവേദനയാണ്.’
‘കുറെ മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ അദ്ദേഹത്തെ തിരുവനന്തപുരത്തുവച്ച് നേരില്‍ കണ്ടിരുന്നു. അന്നദ്ദേഹം ആരോഗ്യവാനായിരുന്നു. അടുത്തിടെയാണ് സാര്‍ സുഖമില്ലാതെ കിടപ്പിലാണെന്നറിയുന്നത്. ഞാന്‍ സാറിനെ വിളിച്ചിരുന്നു. അദ്ദേഹം ഫോണ്‍ എടുത്തു. പക്ഷേ എന്നെ തിരിച്ചറിയാത്തതുപോലെ തോന്നി. അടുത്തിരുന്ന ആരോ ഒരാള്‍ ഫോണ്‍ വാങ്ങിയിട്ട് സാര്‍ ക്ഷീണിതനാണെന്ന് പറഞ്ഞു. അതാണ് ഞങ്ങള്‍ക്കിടയിലുണ്ടായ അവസാന സംഭാഷണം. പക്ഷേ എന്റെ ഓര്‍മ്മകളിലും പ്രാര്‍ത്ഥനകളിലും അദ്ദേഹം എന്നും ഉണ്ടാകും.’ റഹ്മാന് പറഞ്ഞുനിര്‍ത്തി.
Read: ‘ശിവാജി ഗണേശനെപോലും ചെത്തുകാരനാക്കിയ കഥാവൈഭവം’ അന്തരിച്ച ജോണ്‍ പോളിനെ എ.കെ. സാജന് ഓര്‍മ്മിക്കുന്നു
Recent Comments