രാജീവ് പിള്ളയെ വിളിക്കുമ്പോള്‍ അദ്ദേഹം ചെന്നൈയിലായിരുന്നു. സാന്ദര്‍ഭികവശാല്‍ അന്ന് നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈ തീരത്തോട് അടുത്തുകൊണ്ടിരുന്ന സമയവുമായിരുന്നു. ‘സെയ്ഫ് ആണെന്ന്’ രാജീവ് പറഞ്ഞു. ‘പുറത്ത് ചെറിയ മഴ പെയ്യുന്നുണ്ടെന്നൊഴിച്ചാല് മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ല. റോഡുകളിലൊക്കെ വെള്ളക്കെട്ടുണ്ട്.’ രാജീവ് പറഞ്ഞു.
ചെന്നൈയില്‍ എന്താണ് വിശേഷിച്ച്?
കെ.പി. നമ്പ്യാതിരി സാര്‍ സംവിധാനം ചെയ്യുന്ന ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ വന്നതാണ്. തമിഴിന് പുറമേ മലയാളത്തിലേക്കും അത് മൊഴിമാറ്റം ചെയ്യുന്നുണ്ട്. WFH എന്നാണ് ടൈറ്റില്‍. വര്‍ക്ക് ഫ്രം ഹോമിന്റെ ചുരുക്കെഴുത്താണ് WFH. ബോസ് വെങ്കിട്ടാണ് നായകന്. വില്ലന്‍ ഞാനും. റിയാസ്ഖാന്, രവികാന്ത്, ശിവാനി ഭായ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നമ്പ്യാതിരി സാറു തന്നെയാണ് ഛായാഗ്രഹകനും. ഈ ചിത്രത്തിനുവേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത് പ്രശാന്ത് ചന്ദ്രമേനോനാണ്. എട്ടു വര്‍ഷം കേരളത്തിനുവേണ്ടി രഞ്ജിട്രോഫി കളിക്കുകയും
ഇപ്പോള്‍ എം.ആര്.എഫ്. പേസ് ഫൗണ്ടേഷന്റെ സെക്കന്റ് മെയിന്‍ കോച്ചുമാണ് പ്രശാന്ത്.
കേരളത്തിലേക്ക് എന്നാണ് മടക്കം?
നവംബര്‍ 29 ന് എത്തും. 30 ന് ലഖ്നൗവിലേയ്ക്ക് പോകും.
അവിടെ എന്താ പരിപാടി?
മിലന് സവാരി സംവിധാനം ചെയ്ത സത്യമേവ ജയതേയുടെ രണ്ടാംഭാഗത്തില്‍ ഞാനും ഒരു വേഷം ചെയ്യുന്നു. ജോണ്‍ എബ്രഹാമിനോടൊപ്പം. ഇ-ഓഡിഷന് വഴിയാണ് ആ പടത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടത്. അതിന്റെ ഷൂട്ടിംഗ് ലഖ്നൗവിലാണ്. ഡിസംബര്‍ 5-ാം തീയതി വരെ ഷൂട്ടിംഗ് ഉണ്ട്.
ഷലീല്‍ സംവിധാനം ചെയ്യുന്ന സാല്മനിലും അഭിനയിച്ചിരുന്നില്ലേ?
അതെ. സാല്മനും ബൈലിംഗ്വല്‍ മൂവിയാണ്. ഒരു ത്രീഡി ഹൊറല്‍ ചിത്രം. അതിന്റെ സെക്കന്റ് ഷെഡ്യൂള്‍ ഇപ്പോള്‍ ആലുവയില്‍ കഴിഞ്ഞതേയുള്ളൂ.. ഇനി ഒരു പാട്ടും ഒരു ഫൈറ്റ് സീനും അവശേഷിക്കുന്നുണ്ട്. വിജയ് യേശുദാസാണ് അതിലെ നായകന്.
പ്രതിമുഖം തീര്‍ന്നോ?
എണ്‍പത് ശതമാനം വര്‍ക്കുകളും പൂര്‍ത്തിയായതാണ്. അപ്പോഴാണ് ലോക്ഡൗണ്‍ വന്നത്. ഡിസംബറില്‍ ഷൂട്ടിംഗ് പുനഃരാരംഭിക്കും. ഞാനും സിദ്ധാര്‍ത്ഥ് ശിവയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നായിക മറാത്തിയില്‍നിന്നുള്ള പെണ്‍കുട്ടിയാണ്. തന്വി. മുന്നയും ഒരു ചെറിയ വേഷം ചെയ്യുന്നു. വിഷ്ണുവാണ് പ്രതിമുഖത്തിന്റെ സംവിധായകന്. സിദ്ധാര്‍ത്ഥ് ശിവയുടെ അച്ഛന്റെ പെങ്ങളുടെ മകനാണ് വിഷ്ണു. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിറങ്ങിയ മിടുക്കനാണ്. പ്രതിമുഖത്തിനുവേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സിദ്ധാര്‍ത്ഥ് ശിവയാണ്. എനിക്ക് ഏറെ പ്രതീക്ഷയുള്ള ഒരു കഥാപാത്രമാണ് പ്രതിമുഖത്തിലേത്. രാജീവ് പറഞ്ഞുനിറുത്തി.
Recent Comments