ഇക്കഴിഞ്ഞ ബുധനാഴ്ച കമല്ഹാസന് എറണാകുളത്ത് എത്തിയത് തന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2 ന്റെ പ്രൊമോഷന്റെ ഭാഗമായാണ്. ചെന്നൈയില്‍നിന്ന് ഉച്ചയോടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയ കമല്‍ മാരിയറ്റ് ഹോട്ടലിലാണ് വിശ്രമിച്ചത്. വൈകുന്നേരത്തെ പത്രസമ്മേളനത്തിലും ലുലുമാളിലെ പ്രത്യേക പരിപാടിക്കും ശേഷം അദ്ദേഹം വളരെ വൈകിയാണ് മുറിയിലെത്തിയത്.
കമല്ഹാസന് കേരളത്തിലെത്തിയെന്ന് അറിഞ്ഞ് അദ്ദേഹത്തെ നേരില്‍ കാണാന്‍ ആഗ്രഹിച്ചത് ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ധിക്കാണ്. ശ്രീഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കൃഷ്ണമൂര്‍ത്തിയെ വിളിച്ച് തനിക്കൊരു അപ്പോയിന്മെന്റ് വേണമെന്ന് സിദ്ധിക്ക് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ അതിനുള്ള സൗകര്യങ്ങള്‍ കൃഷ്ണമൂര്‍ത്തി നേരിട്ടുതന്നെ ഒരുക്കിക്കൊടുത്തു.
സിദ്ധിക്ക് സഹപ്രവര്‍ത്തകരായ ബാബുരാജിനും അന്സിബയ്ക്കുമൊപ്പമാണ് കമല്‍ഹാസനെ കാണാന്‍ മാരിയറ്റില്‍ എത്തിയത്. കമല്‍ അവരെ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. ചെറിയ സൗഹൃദസംഭാഷണം. ആഗമനദ്ദേശ്യം അവതരിപ്പിച്ചത് സിദ്ധിക്കായിരുന്നു.
‘അമ്മയുടെ ഓണററി മെമ്പര്‍ഷിപ്പ് സ്വീകരിക്കണം’
‘ഞാന്‍ അംഗം തന്നെയല്ലെ’ കമല്‍ പറഞ്ഞു.
‘അതെ, പക്ഷേ ഓണററി അംഗത്വം സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്കാണ് അഭിമാനം’ സിദ്ധിക്ക് പറഞ്ഞു.
‘അത് എനിക്കുകൂടി അഭിമാനമുള്ള കാര്യമാണ്.’ കമല്‍ മറുപടിയായി പറഞ്ഞു.
അമ്മയുടെ ഓണററി മെമ്പര്‍ഷിപ്പ് കാര്‍ഡ് മൂവരും ചേര്‍ന്ന് കമല്ഹാസന് നല്കി.
കമല്‍ഹാസനൊപ്പം ഒരു ഫോട്ടോയും എടുത്താണ് അമ്മയിലെ അംഗങ്ങള്‍ സന്തോഷപൂര്‍വ്വം മടങ്ങിയത്.
Recent Comments