പ്രശസ്ത സിനിമ നടനും ‘അമ്മ എന്ന താര സംഘടനയുടെ പ്രഥമ ജനറൽ സെക്രട്ടറിയുമായ ടി.പി മാധവന്റെ സംസ്ക്കാരം ഇന്ന്(ഒക്ടോബർ 10 ) തിരുവനന്തപുരത്ത് നടക്കും . കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു 88-ാം വയസ്സിൽ അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
ഭൗതിക ശരീരം കൊല്ലം എൻഎസ് സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇന്ന് (കൊടോബർ 10 ) രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഗാന്ധിഭവനിലും വൈകീട്ട് മൂന്നു മുതൽ തൈക്കാട് ഭാരത് ഭവനിലും പൊതുദർശനം .തുടർന്ന് ഇന്ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ശാന്തി കവാടത്തിൽ സംസ്കരിക്കും.
നിരവധി സിനിമകളിലും, ടെലി സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ടി.പി മാധവൻ. 1975ൽ പുറത്തിറങ്ങിയ ‘രാഗം’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമായത്. 1935 നവംബർ 7ന് എൻ.പി. പിള്ളയുടേയും സരസ്വതിയുടേയും മൂത്ത മകനായി തിരുവനന്തപുരത്താണ് ടി.പി മാധവന്റെ ജനനം. നാരായണൻ, രാധാമണി എന്നിവർ സഹോദരങ്ങളാണ്. സ്കൂൾ കാലഘട്ടം മുതൽ നാടകത്തിലും അഭിനയത്തിനും സ്ഥിരസാന്നിധ്യമായിരുന്നു.
സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, പുലിവാൽ കല്യാണം തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ടി.പി മാധവൻ ശ്രദ്ധനേടി. ശാരീരിക അവശതകളെ തുടർന്ന് 2016-ൽ അഭിനയ രംഗത്തു നിന്ന് വിരമിച്ചു. 2016 മുതൽ പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിലായിരുന്നു. നാലുപതിറ്റാണ്ടു കാലം മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന മാധവൻ മക്കൾ അടക്കം കുടുബത്തിലെ ആരും സഹായത്തിനില്ലാത്ത അവസ്ഥയിലാണ് ഗാന്ധിഭവനിൽ എത്തിയത്.
ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ പൂർത്തിയാക്കിയ അദ്ദേഹം, കുറച്ചു കാലം കൊൽക്കത്തയിൽ പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് പത്ര പ്രവർത്തനം ഉപേക്ഷിച്ച് പരസ്യക്കമ്പനിയിൽ ജോലി ചെയ്തു. പ്രശസ്ത ചലച്ചിത്ര നടൻ മധുവുമായുള്ള പരിചയമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. ‘അക്കാൽദമ’ എന്ന സിനിമയുടെ സെറ്റിൽ വച്ച് മധുവിൻ്റെ പ്രേരണയിൽ ചെറിയ ഒരു വേഷം ചെയ്തു. അതിനു ശേഷം സിനിമ അഭിനയത്തിനായി മദ്രാസിലേക്ക് പോയി. ഇതിനു പിന്നാലെ ഭാര്യയുമായി വിവാഹമോചനം നേടി. ബോളിവുഡ് സംവിധായകനായ രാജകൃഷ്ണ മേനോനും, ദേവികയും മക്കളാണ്.
1975-ൽ പുറത്തിറങ്ങിയ രാഗം എന്ന സിനിമ വിജയിച്ചതോടെ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വില്ലൻ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീടു കോമഡി റോളുകളിലും സ്വഭാവ വേഷങ്ങളിലും കഴിവു തെളിയിക്കാൻ ടി.പി മാധവനായി. മലയാളത്തിൽ ഇതുവരെ 600ലധികം സിനിമകളിൽ അഭിനയിച്ച മാധവൻ സിനിമകൾക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു.
Recent Comments