നടന് വിവേക് ഓര്‍മ്മയാകുന്നുമ്പോള്‍ തമിഴ് സിനിമയ്ക്ക് നഷ്ടമാകുന്നത് വെറുമൊരു ഹാസ്യതാരത്തെ മാത്രമല്ല, ‘ചിരിപ്പിച്ച് ചിന്തിപ്പിച്ച’ ഒരു വിവേകശാലിയെക്കൂടിയാണ്.
ഒരുകാലത്ത് തമിഴിലെ വാണിജ്യസിനിമകള്‍ക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ടായിരുന്നു. പ്രധാന കഥയ്ക്ക് സമാന്തരമായി കടന്നുപോകുന്ന ഒരു കോമഡി ട്രാക്ക്. അവിടെ വന്ന് വേഷംകെട്ടി ആടുന്ന ഹാസ്യതാരങ്ങള്‍. അവരുടെ പേരുകള്‍ മാത്രം കാലാകാലങ്ങളില്‍ മാറിമറഞ്ഞുകൊണ്ടിരുന്നു. പ്രേക്ഷരെ ചിരിപ്പിക്കുക എന്ന ദൗത്യം അവര്‍ നിര്‍വ്വഹിച്ചുപോന്നിരുന്നു എന്നതിനപ്പുറം ഒരു സാമൂഹിക ദൗത്യവും ഹാസ്യനടന്മാര്ക്ക് ഉണ്ടായിരുന്നില്ല. ഏറ്റവും ശ്രദ്ധേയമായ കാര്യം അവരില്‍ പലരും മികച്ച നടന്മാരായിരുന്നു എന്നതാണ്. പക്ഷേ കോമാളിവേഷം കെട്ടിയാടാനായിരുന്നു അവരുടെയെല്ലാം നിയോഗം. അവരില്‍നിന്നൊക്കെ വേറിട്ടൊരു പാത കണ്ടെത്തി സഞ്ചരിച്ച അപൂര്‍വ്വം ഹാസ്യനടന്മാരില് ഒരാള്‍കൂടിയാണ് വിവേക്.
തമാശയ്ക്കുള്ളില്‍ പൊതിഞ്ഞു സൂക്ഷിച്ച സാമൂഹിക വിമര്‍ശനങ്ങളായിരുന്നു വിവേകിന്റെ വജ്രായുധങ്ങള്‍. കേട്ടിട്ടുണ്ട്, വിവേക് അഭിനയിച്ചിരുന്ന സിനിമകളില്‍ അദ്ദേഹത്തിനുവേണ്ടി സംഭാഷണങ്ങളെഴുതാന്‍ പ്രത്യേകം ആളുകള്‍തന്നെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന്. വിവേകിന്റെ നിരീക്ഷണങ്ങള്‍ക്ക് അവരാണ് ഹാസ്യഭാഷ ചമച്ചുകൊണ്ടിരുന്നത്. എത്ര നെടുങ്കണ് ഡയലോഗും വശ്യമാര്‍ന്ന ശരീരചലനങ്ങള്ക്കുള്ളില്നിന്ന് അതിരുവിട്ട് പോകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അത് കണ്ടും കേട്ടും പൊട്ടിച്ചിരിച്ചിരുന്നവര്‍ ധാരാളമാണ്. അതിനുള്ളിലെ സാമൂഹിക വിമര്‍ശനങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിച്ചവരും ഏറെയായിരുന്നു.
ഒരു നടന്ന സംഭവം പറയാം. ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഇന്ത്യയുടെ പ്രസിഡന്റായിരുന്ന കാലത്താണ് റെയില്‍വേ കംപാര്‍ട്ട്മെന്റുകളിലെ ടോയ്ലറ്റുകളിലെല്ലാം ചങ്ങല ഘടിപ്പിച്ച മഗ്ഗുകള്‍ വേണെന്ന കര്‍ശന നിര്‍ദ്ദേശം അദ്ദേഹം റെയില്‍വെ മന്ത്രാലയത്തിന് നല്‍കിയത്. അതിന് അബ്ദുള്‍ കലാമിന് പ്രചോദനമായത് വിവേകിന്റെ ഒരു സിനിമയാണ്. ട്രെയിന്‍ യാത്രയ്ക്കിടെ വിവേക് ടോയ്ലറ്റില് പോകുന്നതും വൃത്തിയാക്കാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിക്കുന്നതും പിന്നീട് മൂര്‍ച്ഛയേറിയ സംഭാഷങ്ങളിലൂടെ അതിനെ വിമര്‍ശിക്കുന്നതുമാണ് സിനിമയിലെ പ്രസ്തുത രംഗത്തുള്ളത്. ആ രംഗം കണ്ട് കുലുങ്ങിച്ചിരിച്ചവര് അനവധിയുണ്ടെങ്കിലും വിവേക് സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന എ.പി.ജെയെപ്പോലെയുള്ളവര്ക്ക് അദ്ദേഹം പറഞ്ഞുവച്ച ഗൗരവമായ സ്ഥിതിവിശേഷണത്തെ ക്ഷണത്തില്‍ ഉള്‍ക്കൊള്ളാനായി. അത് സിനിമയ്ക്ക് മാത്രം വളരെവേഗം കഴിയുന്ന മാജിക്കാണ്. വിവേകിനെപ്പോലെയൊരു നടന് ആ മാധ്യമത്തെയാണ് സമര്‍ത്ഥമായി ഉപയോഗിച്ചത്.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ നിര്‍മ്മാതാവും നടനുമായ ബോണികപൂര്‍ പറയുന്നത് കേട്ടിട്ടുണ്ട്, ‘ശ്രീദേവി മരിക്കുന്നുതിന് മുമ്പുവരെയും വിവേകിന്റെ സിനിമയിലെ തമാശരംഗങ്ങള്‍ കണ്ടിട്ടാണത്രെ ഉറങ്ങാന്‍ കിടന്നിരുന്നത്. അത് അവര്‍ക്കൊരു റീഫ്രഷ്മെന്റായിരുന്നു.’ ശ്രീദേവിയെപ്പോലൊരു അഭിനേത്രിയെ സ്വാധീനിക്കത്തക്ക വിധം ഒരു നടന്റെ ഹാസ്യപ്രകടനങ്ങള്‍ വളര്‍ന്നുവെങ്കില്‍ അത് ആ നടനുള്ള അംഗീകാരം തന്നെയാണ്.
തമിഴ് സിനിമയുടെ ഒഴുക്കിനൊപ്പം സഞ്ചരിക്കാനാണ് വിവേകും നിര്ബ്ബന്ധിതനായതെങ്കിലും ഒഴുക്കിനെതിരെ അദ്ദേഹം നീന്തിക്കയറിയ പ്രത്യക്ഷഫലങ്ങളുടെ ചില അടയാളപ്പെടുത്തലുകളാണ് നാം കണ്ടത്. എങ്കിലും താനും ആ ചതിക്കുഴിയില്‍ വീണുപോയിട്ടുണ്ടെന്ന് ഒരിക്കല്‍ വിവേക് തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ധനുഷ് നായകനായ പഠിക്കാത്തവന് എന്ന ചിത്രത്തിലെ തന്റെ കോമാളിവേഷം ഒരിക്കലും കെട്ടരുതാന് പാടില്ലാത്തതായിരുന്നുവെന്ന് പറഞ്ഞത് വിവേകായിരുന്നു.
തമാശ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിച്ച അനവധി ഹാസ്യനടന്മാരെപ്പോലെ തീവ്രമായ ദുഃഖം ഒരിക്കല്‍ വിവേകിന്റെ ജീവിതത്തിലും ആഴത്തില്‍ മുറിവേല്‍പ്പിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന് പ്രസന്നകുമാറിന്റെ മരണം വിവേകിനെ കടുത്ത ഡിപ്രഷനിലേയ്ക്കുവരെ കൊണ്ടുപോയി. അതിനെ അതിജീവിക്കാന്‍ കുറേ നാളുകള്‍തന്നെ അദ്ദേഹത്തിന് വേണ്ടിവന്നു.
59 വയസ്സ് ഒരു സിനിമാനടനെ സംബന്ധിച്ചിടത്തോളം തീരെ ചെറിയ പ്രായമാണ്. ഇനിയും കരുത്തുറ്റ വേഷങ്ങള്‍ക്ക് പ്രാപ്തമാക്കേണ്ട കാലം. ആ ജീവിതയാത്രയ്ക്കിടെ മരണം പെട്ടെന്ന് വിവേകിനെ കവര്‍ന്നുകൊണ്ട് പോവുകയായിരുന്നു. പക്ഷേ അദ്ദേഹം പകര്‍ന്നാടിയ എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ വിവേക് ജീവിച്ചുകൊണ്ടിരിക്കും.
Recent Comments