94-ാമത് ഓസ്കാര്‍ ദാനവേദിയില്‍ വച്ചായിരുന്നു ഏവരെയും അതിശയിപ്പിക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത്. ഓസ്കാര്‍ ചടങ്ങിനിടെ അവതാരകന് ക്രിസ് റോക്കിന്റെ കരണത്താണ് നടന് വില്‍ സ്മിത്ത് അടിച്ചത്. വില്‍ സ്മിത്തിന്റെ ഭാര്യയെ കളിയാക്കിയതാണ് താരത്തെ പ്രകോപിപ്പിച്ചത്.
28ന് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം വെളുപ്പിനെ 5.30 നായിരുന്നു ഓസ്കാര്‍ ചടങ്ങ് ആരംഭിച്ചത്. 94-ാമത് അക്കാദമി പുരസ്കാര ചടങ്ങില്‍ വില്‍ സ്മിത്തിനൊപ്പം ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തും എത്തിയിരുന്നു.
അവതാരകനും കൊമേഡിയനും കൂടിയായ ക്രിസ് റോക്ക് താരത്തിന്റെ ഭാര്യയെ ജി.ഐ. ജയിന് 2 എന്ന് വിശേഷിപ്പിച്ചു. ഇതു കേട്ട് ആദ്യം ചിരിച്ച വില്‍ സ്മിത്ത് പിന്നാലെ ഓസ്കര് വേദിയിലേക്ക് കയറി അവതാരകന്റെ മുഖത്ത് അടിക്കുകയായിരുന്നു. എന്തെങ്കിലും പ്രാങ്കിന്റെ ഭാഗമായിരുക്കും എന്നാണ് ആദ്യം ആളുകള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ക്രിസ് റോക്കിനെ തല്ലിയ ശേഷം തിരിച്ച് വന്ന് കസേരയിലിരുന്ന വില്‍ സ്മിത്ത് തുടര്‍ന്ന് ആക്രോശിക്കുകയും ചെയ്തു. അലോപേഷ്യ ഏറിയേറ്റാ എന്ന രോഗത്തെ തുടര്‍ന്ന് തലമുടി കൊഴിഞ്ഞ ലുക്കില്‍ ആയിരുന്നു നടി കൂടിയായിരുന്ന ജാഡ പിങ്കെറ്റ് സ്മിത്ത് അവാര്‍ഡ് വേദിയില്‍ എത്തിയിരുന്നത്.
പിന്നീട് ഇതേ വേദിയില്‍ വെച്ച് തന്നെ വില്‍ സ്മിത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. തുടര്‍ന്ന് വികാരനിര്‍ഭരമായി പ്രസംഗിച്ച താരം ഓസ്കാര്‍ അക്കാദമിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. കിംഗ് റിച്ചാര്‍ഡ് എന്ന സിനിമയിലെ പ്രകടനത്തിനാണ് വില്‍ സ്മിത്തിന് പുരസ്കാരം ലഭിച്ചത്.
Recent Comments