ചെന്നൈയില്‍ ഇന്നലെ നടന്ന തമിഴ് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയിലെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. നടന്മാരായ ധനുഷ്, ചിമ്പു, വിശാല്‍, അഥര്‍വ എന്നിവരെ ചലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്താനും തീരുമാനിച്ചു.
ധനുഷിനെതിരെ നിര്‍മ്മാതാവായ തേനാണ്ടാള്‍ മുരളിയാണ് പരാതി ഉന്നയിച്ചത്. തന്റെ പുതിയ സിനിമയുടെ എണ്‍പത് ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായ വേളയില്‍ ധനുഷ് മറ്റൊരു ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതിനാല്‍ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പലവട്ടം ധനുഷുമായി ഇതേപ്പറ്റി സംസാരിച്ചുവെങ്കിലും അദ്ദേഹം തന്റെ പരാതി ചെവികൊള്ളാന്‍ തയ്യാറായില്ല എന്നുമാണ് മുരളിയുടെ പരാതി. അതിന്റെ അടിസ്ഥാനത്തിലാണ് ധനുഷിനെ വിലക്കിയത്.
നിര്‍മ്മാതാവ് മൈക്കേല്‍ രായപ്പനാണ് ചിമ്പുവിനെതിരെ പരാതി നല്‍കിയത്. ‘അന്ഭനവന് അടങ്കാതവന്‍ അസറന്തവന്’ എന്ന തന്റെ ചിത്രം ചിമ്പു പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇത് മൈക്കേലിന് വലിയ നഷ്ടമുണ്ടാക്കിയെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. മതിയഴകന്‍ നിര്‍മ്മിച്ച അഥര്‍വയുടെ ‘സെമ്മ ബൊത്ത ആകാതേയ്’ എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ചിത്രത്തിന്റെ പരാജയത്തിനുശേഷം മതിയഴകന്റെ നിര്‍മ്മാണത്തില്‍ ഒരു സിനിമ കൂടി ചെയ്യാന്‍ അഥര്‍വ സമ്മതിച്ചു. പക്ഷേ അഥര്‍വ വാഗ്ദാനം പാലിച്ചില്ലെന്നാണ് മതിയഴകന്റെ പരാതി. ഈ പരാതികളില്‍ കാമ്പുണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി എടുത്തത്.
ഒരു നിര്‍മ്മാതാവ് കൂടിയായ വിശാല്‍ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയുടെ തലപ്പത്തിരുന്നപ്പോള്‍ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാതെ സംഘടനയുടെ പണം ദുര്‍വിനിയോഗം ചെയ്തതുവെന്നാണ് ആരോപണം. അതിന്റെ അടിസ്ഥാനത്തിലാണ് വിശാലിനെയും വിലക്കിയത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ നാല് നടന്മാര്ക്കും കോളിവുഡിലെ ഒരു നിര്‍മ്മാതാവുമായും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇവര്‍ നാല് പേരും പുതിയ സിനിമ എടുക്കുന്നതിന് മുമ്പ് നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അസോസിയേഷന് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
തമിഴകത്ത് ഏറെ തിരക്കുള്ള താരങ്ങളാണ് ഇവര്‍ നാലുപേരും. ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ തമിഴ് ചലച്ചിത്ര വ്യവസായത്തില്‍ വന്‍ പ്രതിസന്ധി ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
Recent Comments