നടിയും സംവിധാന സഹായിയുമായ അംബികാറാവു അന്തരിച്ചു. ഏറെ കാലമായി വൃക്കരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൃശൂരിലെ ദയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ടെസ്റ്റുകള്‍ ചെയ്യുന്നതിനിടെയാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പത്തരയോടെ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയും ചെയ്തു. ശവസംസ്കാരം ഇന്ന് നടക്കും. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് ചടങ്ങുകള്‍. ഇപ്പോള്‍ മൃതദേഹം ആശുപത്രിയിലാണുള്ളത്.
ബാലചന്ദ്രമേനോന്റെ സിനിമയില്‍ സംവിധാന സഹായിയായിട്ടായിരുന്നു അംബികാറാവുവിന്റെ തുടക്കം. തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ സംവിധായകരുടെ കീഴിലും വര്‍ക്ക് ചെയ്തു. അന്യഭാഷാ നടിമാര്‍ക്ക് ഡയലോഗുകള്‍ പറഞ്ഞുകൊടുത്ത് പഠിപ്പിച്ചത് അംബികാറാവുവായിരുന്നു. നിരവധി സിനിമകളില്‍ അവര്‍ ചെറിയ വേഷങ്ങളും ചെയ്തു. പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ക്രോണിക് ബാച്ച്ലര്, വെട്ടം, പരുന്ത്, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങിയവ അംബിക വേഷമിട്ട ചിത്രങ്ങളാണ്. കുമ്പളങ്ങി നൈറ്റ്സാണ് അവര്‍ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം.
അംബികാറാവു രോഗം മൂര്‍ച്ഛിച്ച് ചികിത്സയിലായിരുന്ന വിവരം കാന്‍ ചാനലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് കുഞ്ചാക്കോ ബോബനും ബിന്ദുപണിക്കരുമടക്കം നിരവധി പേര് അംബികയെ സഹായിക്കാന്‍ എത്തിയിരുന്നു. അംബികയ്ക്ക് രണ്ട് മക്കളാണ്. രാഹുലും സോഹനും. രാഹുല്‍ ഇപ്പോള്‍ നാട്ടിലുണ്ട്. സോഹന്‍ ബാംഗ്ലൂരിലാണുള്ളത്.
Recent Comments