ബാലതാരമായി അരങ്ങേറ്റം കുറിച്ച് പില്ക്കാലത്ത് തമിഴിലും മലയാളത്തിലും തെലുങ്കിലും കന്നഡത്തിലുമായി അനവധി നായികവേഷങ്ങള്‍ ചെയ്ത ചിത്ര അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തിലുള്ള വീട്ടില്‍വച്ചായിരുന്നു അന്ത്യം. ഹൃദയസ്തഭനമായിരുന്നു. 56 വയസ്സായിരുന്നു.
തമിഴ് ബ്രാഹ്മണ കുടുംബാംഗമാണ് ചിത്ര. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. തൊട്ടുപിന്നാലെ അവള് അപ്പടിതാന് എന്ന സിനിയില്‍ രജനികാന്തിനും കമല്ഹാസനുമൊപ്പവും അഭിനയിച്ചു. അതില്‍ ശ്രീപ്രിയയുടെ ബാല്യവേഷം ചെയ്തത് ചിത്രയായിരുന്നു. കമല്‍, രജനികാന്ത് എന്നിവര്‍ക്ക് പുറമെ പ്രഭു, കാര്‍ത്തിക്, വിജയകാന്ത്, സത്യരാജ് തുടങ്ങിയവരുടെ നായികയായും അവര്‍ തമിഴകത്ത് തിളങ്ങി.
പക്ഷേ ചിത്രയെ രണ്ടുകൈയും നീട്ടി സ്വീകരിച്ചത് മലയാള സിനിമയാണ്. പ്രേംനസീറിനും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ച ആട്ടക്കലാശമായിരുന്നു അവരുടെ ആദ്യ മലയാള ചിത്രം. പഞ്ചാഗ്നി, മുക്തി, ഒരു വടക്കന്‍ വീരഗാഥ, കളിക്കളം, അമരം, അദ്വൈതം, മഹാന്, ഏകലവ്യന്, ദേവാസുരം, പാഥേയം, കമ്മീഷണര്‍, ആറാം തമ്പുരാന് അങ്ങനെ നൂറോളം സിനിമകളില്‍ നായികയായും ക്യാരക്ടര്‍ വേഷങ്ങളിലും അവര്‍ തിളങ്ങി.
വിവാഹശേഷം അവര്‍ പൂര്‍ണ്ണമായും അഭിനയരംഗത്തുനിന്ന് വിട്ടുനിന്നു. വിജയരാഘവനാണ് ഭര്‍ത്താവ്. മഹാലക്ഷ്മി ഏക മകളാണ്.
Recent Comments