കളരിയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഒരു ചിത്രം ലിസി തന്റെ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് അടുത്തിടെയാണ്.
ലിസി നല്ലൊരു ബാറ്റ്മിന്റണ്‍ പ്ലെയറാണെന്ന് ഞങ്ങള്‍ക്കറിയാം. മികച്ചൊരു യോഗാഭ്യാസിയാണെന്നും. ബാറ്റ്മിന്റണ്‍ നേരത്തെ തുടങ്ങിയിട്ടുള്ളതാണ്. യോഗ ആരംഭിച്ചിട്ട് കുറച്ച് കാലങ്ങളേയായിട്ടുള്ളൂ. കായികാഭ്യാസം കളരിയിലേയ്ക്കുവരെ എത്തിയെന്നറിഞ്ഞപ്പോള്‍ ലിസ്സിയെ വിളിച്ചതായിരുന്നു.
‘നല്ലൊരു വ്യായാമമുറ എന്ന നിലയിലാണ് ഞാന്‍ കളരിയില്‍ പോകാന്‍ തുടങ്ങിയത്. ഇവിടെ പോണ്ടിച്ചേരിക്കടുത്ത് ആദിശക്തി എന്ന സ്ഥലമുണ്ട്. അതിനു സമീപമാണ് ലക്ഷ്മണ് ഗുരുജിയുടെ കളരി.’
‘യോഗയുടെ ഗുണഫലങ്ങള്‍ എനിക്ക് നല്ലതുപോലെ അറിയാം. അതിന്റെ കുറച്ച് ഡൈനമിക് വേര്‍ഷനാണ് കളരി. കളരി എന്ന് കേള്‍ക്കുമ്പോള്‍ വാളും പരിചയവുമെടുത്ത് വായുവിലൂടെ ഉയര്‍ന്നുപൊങ്ങി പയറ്റ് ചെയ്യുന്ന അഭ്യാസങ്ങളാണെന്നും കരുതരുത്. അതൊക്കെ കുറേക്കൂടി ഉയര്‍ന്ന തലത്തിലുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളാണ്. ഞാനതിന്റെ അടിസ്ഥാനകാര്യങ്ങള്‍ മാത്രമേ പഠിക്കുന്നുള്ളൂ. എന്റെ ആരോഗ്യ ക്ഷമതയ്ക്കനുസരിച്ചുള്ള പരിശീലനം. അതിന് പ്രായം ഒരു തടസ്സമേയല്ല.’
‘കളരിയില്‍ പോയിത്തന്നെയാണ് പഠിക്കുന്നത്. കളിമണ്ണില്‍ തീര്‍ത്ത തറയാണവിടുത്തേത്. നഗ്നപാദയായി അവിടെനിന്ന് പരിശീലനം ചെയ്യുന്നതുതന്നെ ശരീരത്തിന് ഗുണകരമാണ്. രാവിലെയാണ് പരിശീലനത്തിനായി പോകുന്നത്. അരമണിക്കൂറാണ് പരിശീലനം. ഓരോരുത്തരുടേയും പ്രായവും ശാരീരികക്ഷമതയും അനുസരിച്ചുള്ള പരിശീലനമാണ് നല്‍കുന്നത്. പരിശീലനം കഴിഞ്ഞിറങ്ങുമ്പോള്തന്നെ ഫ്രഷ്നസ്സ് ഫീല്‍ ചെയ്യും. അത് ദിവസം മുഴുവനും നീണ്ടുനില്‍ക്കും. ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കൂടും. ശരീരത്തിന് നല്ല വഴക്കമുണ്ടാകും. ശരീരപേശികള്‍ക്ക് നല്ല ദൃഢത കൈവരും. മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണകരമാണ് കളരി അഭ്യാസം.’
‘കുറച്ചുകൂടി നേരത്തേ പഠിക്കാമായിരുന്നു എന്ന ദുഃഖമേ എനിക്കുള്ളൂ. പൊതു ഇടങ്ങളില്‍ മാത്രമല്ല, വീട്ടിനകത്തുപോലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന ഇക്കാലത്ത് കളരി അഭ്യാസം സ്ത്രീകളുടെ സുരക്ഷയ്ക്കും ഗുണം ചെയ്യും.’ ലിസ്സി പറഞ്ഞു.
Recent Comments