പ്രശസ്ത നടി മീനയുടെ ഭര്‍ത്താവും വ്യവസായ പ്രമുഖനുമായ വിദ്യാസാഗര്‍ അന്തരിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ ചെന്നൈയിലെ എം.ജി.എം. ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 48 വയസ്സുണ്ടായിരുന്നു. ഭൗതികശരീരം ഹോസ്പിറ്റലില്‍നിന്ന് സാലിഗ്രാമത്തുള്ള മീനയുടെ വീട്ടില്‍ കൊണ്ടുവന്നു. അന്തിമോപചാരം അര്‍പ്പിക്കാനായി നിരവധിപ്പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നടി രംഭ, സംവിധായകന് ശരണ്‍ എന്നിവര്‍ അന്തിമാഞ്ജലി അര്‍പ്പിച്ചു. ഡാന്‍സ് മാസ്റ്ററും മീനയുടെ കുടുംബസുഹൃത്തുമായ കലാമാസ്റ്ററും മീനയുടെ വീട്ടിലുണ്ട്.
വിദ്യാസാഗറിന് ശ്വാസകോശ സംബന്ധമായ അസുഖം നേരത്തെ ഉണ്ടായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ജനുവരിയില്‍ മീനയുടെ കുടുംബത്തിന് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും വിദ്യാസാഗറിന് പോസ്റ്റ് കോവിഡ് പ്രശ്നങ്ങളുണ്ടായിരുന്നു. ശ്വാസകോശത്തിന് ഇന്ഫക്ഷന് ഉണ്ടായതോടെ മാര്‍ച്ച് അവസാനം ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി എം.ജി.എം. ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ലംഗ്സ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ഇന്നലെ മരണം അദ്ദേഹത്തെ കവര്‍ന്നുകൊണ്ട് പോയത്.
ഇന്ന് ഉച്ഛയ്ക്ക് ഒന്നരയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും. കേരളീയ ആചാരപ്രകാരമാണ് ചടങ്ങുകള്‍. 2.30 ന് മൃതദേഹം ശ്മശാനത്തേയ്ക്ക് കൊണ്ടുപോകും.
Recent Comments