നടി സുബ്ബലക്ഷ്മി അമ്മാള്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
ജവഹര്‍ ബാലഭവനില്‍ ഏകദേശം 27 വര്‍ഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. ആകാശവാണിയിലും പ്രവര്‍ത്തിച്ചിരുന്നു.
ഹോര്‍ലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. നന്ദനത്തിലെ വാല്യക്കാരി മുത്തശ്ശിമാരിലൊരുവളായാണ് മലയാള സിനിമയില്‍ ആദ്യമായി സുബ്ബലക്ഷ്മി തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഏറെ സിനിമകളില്‍ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. സിനിമയില്‍ മാത്രമല്ല ഏറെ ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ പങ്കാളിത്തമുണ്ട് സുബ്ബലക്ഷ്മിക്ക്.
കല്യാണരാമന്, പാണ്ടിപ്പട, നന്ദനം, രാപ്പകല്‍ മുതലായവ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ചലച്ചിത്രങ്ങളാണ്. 75-ലധികം ചിത്രങ്ങളില്‍ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കല്യാണ രാമന്റെ തെലുങ്ക് പതിപ്പിലും പ്രധാന വേഷം ചെയ്തിരുന്നു. കല്യാണരാമനാണ് ഭര്‍ത്താവ്, മകള്‍ അഭിനേത്രിയും നര്‍ത്തകിയുമായ താരാകല്യാണ്‍.
Recent Comments