മലയാള സിനിമാ മേഖലയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുന്‍ എംപിയുമായ സുമലത. മോശം അനുഭവങ്ങള്‍ പലരും എന്നോട് പങ്കുവച്ചിട്ടുണ്ട്. അവസരങ്ങള്‍ക്ക് സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ഉപദ്രവിക്കുമെന്നും ചിലര്‍ പിന്തുടര്ന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. അന്നൊക്കെ തുറന്നു പറയാന്‍ സ്ത്രീകള്‍ക്ക് പേടിയായിരുന്നു. തുറന്നു പറയുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന കാലമായിരുന്നു അന്നെന്നും ഇന്നത് മാറിയതില്‍ സന്തോഷമുണ്ടെന്നും സുമലത പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീകള്‍ മുന്നോട്ടുവന്ന് തുറന്നു പറയാന്‍ ധൈര്യം കാണിച്ചതിന് കാരണമായ ഡബ്ല്യുസിസിക്ക് അഭിവാദ്യങ്ങള്‍. ഈ മേഖലയിലെ രഹസ്യങ്ങളായിരുന്നു ഇതെല്ലാം. ആരും ഇതൊന്നും തുറന്നു പറയാന്‍ ധൈര്യം കാണിച്ചിരുന്നില്ല. മലയാള സിനിമാ മേഖലയില്‍ മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള സിനിമാ മേഖലയില്‍, സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം അവരുടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു ചരിത്രനീക്കമാണിതെന്നും നടി അഭിപ്രായപ്പെട്ടു.
കാരവനില്‍ ഒളിക്യാമറകള്‍ വച്ച് നടിമാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി നടന്മാര് ആസ്വദിക്കാറുണ്ടെന്ന രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും സുമലത സംസാരിച്ചു. ഇത്തരം സംഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയല്ലെങ്കിലും ഇക്കാര്യം ഞെട്ടിക്കുന്നതാണ്. ഞാന്‍ കണ്ടിട്ടില്ല എന്നതുകൊണ്ട് ഇതൊന്നും നടന്നിട്ടില്ലെന്ന് പറയാന്‍ ഞാനാളല്ല. മലയാളത്തില്‍ മുന്‍പ് കേട്ടിട്ടുള്ള കഥകള്‍ പലതും പേടിപ്പെടുത്തുന്നതാണ്. ഞാന്‍ ജോലി ചെയ്ത പല സെറ്റുകള്‍ കുടുംബം പോലെയായിരുന്നു. അതല്ലാത്ത കഥകളും ഞാന്‍ കേട്ടിട്ടുണ്ട്. ഹോട്ടല്‍ റൂമുകളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ സുരക്ഷിതരല്ലെന്ന് കേട്ടിട്ടുണ്ട്. ഒറ്റയ്ക്ക് ഹോട്ടലില്‍ താമസിക്കുന്ന നടിമാരുടെ കതകില്‍ മുട്ടുന്ന സംഭവമൊക്കെ താന്‍ മുമ്പും കേട്ടിട്ടുള്ളതാണെന്ന് സുമലത അഭിപ്രായപ്പെട്ടു.
മലയാളത്തിലെന്നല്ല, ഏത് സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും പവര്‍ ഗ്രൂപ്പുകള്‍ ഉണ്ട്. സെറ്റുകളിലെ സ്ത്രീസുരക്ഷയ്ക്കായി കൃത്യം നിയമങ്ങള്‍ കൊണ്ട് വരിക മാത്രമാണ് പോംവഴി. അത് തെറ്റിക്കുന്നവര്‍ക്ക് കര്‍ശനശിക്ഷ ഉറപ്പാക്കണം. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങള്‍ നടപ്പാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് പോലെ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കീഴില്‍ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുമെന്നും സുമലത പറഞ്ഞു.
Recent Comments