ജനറല്‍ പിക്ചേഴ്സിന്റെ ബാനറില്‍ അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്യുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ഞങ്ങള്‍ രാജശേഖരനെ വിളിച്ചു. ജനറല്‍ പിക്ചേഴ്സിന്റെ ജനറല്‍ മാനേജരാണ് രാജശേഖരന്. വാര്‍ത്തയുടെ നിജസ്ഥിതി കാന്‍ ചാനലുമായി സംസാരിക്കുകയാണ് അദ്ദേഹം
‘മുതലാളിക്ക് (ജനറല്‍ പിക്ചേഴ്സ് ഉടമ രവീന്ദ്രനാഥന്‍ നായര്‍ എന്ന അച്ചാണി രവി) ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. അക്കാലത്താണ് കാവാലം നാരായണപ്പണിക്കര്‍ കുഞ്ചന്‍നമ്പ്യാരുടെ ജീവിതം ഇതിവൃത്തമാക്കിയ തിരക്കഥയുമായി മുതലാളിയെ കാണാനെത്തിയത്. തിരക്കഥ വായിച്ച് കേള്‍പ്പിച്ചു. മുതലാളിക്കും അത് ഇഷ്ടമായി. പക്ഷേ, മോഹന്‍ലാലിന് ഡേറ്റുകളുണ്ടായിരുന്നില്ല. പിന്നീടാണ് മുതലാളി അസുഖബാധിതനാകുന്നത്. കാവാലവും ആരോഗ്യപ്രശ്നങ്ങളിലായി. തുടര്‍ന്ന് ആ പ്രൊജക്ട് തന്നെ നീണ്ടു. പക്ഷേ, ലാലിനെവച്ച് ഒരു പടം ചെയ്യണമെന്നുള്ള തന്റെ ആഗ്രഹം മുതലാളി പലതവണ മക്കളോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളാണ് പുതിയ രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഇടയായത്. ജനറല്‍ പിക്ചേഴ്സ് നിലനില്‍ക്കണമെന്നാണ് എന്റെയും ആഗ്രഹം. ഇക്കാര്യം ഞാന്‍ മുതലാളിയുടെ മക്കളോടും പറഞ്ഞിട്ടുണ്ട്. കൂടുതല്‍ സാമ്പത്തിക ഭദ്രതയിലേയ്ക്ക് എത്തുന്ന നാളുകളില്‍ സിനിമാരംഗത്ത് സജീവമാകാനാണ് അവരും ഉദ്ദേശിക്കുന്നത്. ഏതായാലും അടൂര്‍-ലാല്‍ ചിത്രം എന്നത് തെറ്റായ വാര്‍ത്തയാണ്.’ രാജശേഖരന്‍നായര്‍ പറഞ്ഞു.
Recent Comments