തെറ്റിദ്ധരിക്കേണ്ട, ചിത്രത്തിന്റെ പേര് ‘സബാഷ് ചന്ദ്രബോസ്’ എന്നുതന്നെയാണ്. സെന്‍സര്‍ബോര്‍ഡ് അംഗത്തിനും പേരിലൊരു സംശയം തോന്നാതിരുന്നില്ല. പടം കണ്ടുകഴിഞ്ഞപ്പോള്‍ അത് മാറിക്കിട്ടി. പക്ഷേ, ഒരു സമ്മതപത്രം സംവിധായകന്റെ കൈയില്‍നിന്നും എഴുതിവാങ്ങി. ഒരു കാരണവശാലും സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വാതന്ത്ര്യസമര സേനാനിയുടെയും പേര് ഉപയോഗിക്കാന്‍ പാടില്ല. അത് ചിത്രത്തിന്റെ അണിയറക്കാര്‍ കര്‍ശനമായി പാലിക്കുന്നു.
സത്യത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ഇങ്ങനെയായതിനെക്കുറിച്ച് സംവിധായകന് വി.സി. അഭിലാഷിനും കൃത്യമായ വിശദീകരണമുണ്ട്.
‘ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ചന്ദ്രബോസ്. ഒരു തെറ്റിദ്ധാരണയുടെ പേരിലാണെങ്കിലും കമ്മ്യൂണിസ്റ്റുകാരനായ അച്ഛന് മകന് അറിഞ്ഞിട്ട പേര് തന്നെയാണ് അത്. പക്ഷേ ടൈറ്റില്‍ വന്ന വഴി ചന്ദ്രബോസ് ചെയ്ത കര്‍മ്മത്തിലൂടെയാണ്. അയാളെ പ്രകീര്‍ത്തിച്ചാണ് സബാഷ് ചന്ദ്രബോസായത്. എന്നാല്‍ ചന്ദ്രബോസ് എന്താണ് ചെയ്തതെന്ന് പറയുന്നില്ല. കഥയുടെ സസ്പെന്‍സും അതാണ്.’ വി.സി. അഭിലാഷ് പറഞ്ഞു.
അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ആദ്യചിത്രം ഇന്ദ്രന്‍സ് നായകനായി അഭിനയിച്ച ആളൊരുക്കമാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം മാത്രമല്ല ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തതും ആളൊരുക്കമാണ്. ആദ്യചിത്രത്തിലൂടെതന്നെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനുമാണ് വി.സി. അഭിലാഷ്.
‘1986 ലാണ് ഈ കഥ നടക്കുന്നത്. ടി.വി. പ്രചാരത്തില്‍ വന്നുതുടങ്ങിയ സമയം. ആ ഗ്രാമത്തില്‍ യതീന്ദ്രന്റെ വീട്ടില്‍ മാത്രമാണ് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ടിവി ഉണ്ടായിരുന്നത്. അവിടെയാണ് ചന്ദ്രബോസ് അടക്കമുള്ളവര്‍ വന്ന് ടി.വി. കണ്ടിരുന്നത്. യതീന്ദ്രനും ചന്ദ്രബോസും അടുത്ത സുഹൃത്തുക്കളാണ്, പ്രായംകൊണ്ട് വലിയ അന്തരം ഉണ്ടായിരുന്നെങ്കിലും.’
‘ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന ചിത്രമായിരുന്നു അന്ന് ടിവിയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നത്. ചിത്രത്തില്‍ ബാലന് കെ. നായര്‍ മരിക്കുന്ന സമയത്ത് യതീന്ദ്രന്റെ ഭാര്യയുടെ അച്ഛനും മരണപ്പെടുകയാണ്. മരണാനന്തര കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ ടിവി ഓണ്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ചെറിയ കലഹമാണ് എല്ലാറ്റിന്റെയും തുടക്കം. അവിടുന്നങ്ങോട്ടാണ് സബാഷ് ചന്ദ്രബോസിന്റെ കഥാഗതികളും മാറിമറിയുന്നത്.’ അഭിലാഷ് പറഞ്ഞു.
യതീന്ദ്രനെ ജോണി ആന്റണിയും ചന്ദ്രബോസിനെ വിഷ്ണു ഉണ്ണികൃഷ്ണനും അവതരിപ്പിക്കുന്നു. ധര്മ്മജന് ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേഷ്, രമ്യാസുരേഷ്, ഭാനുമതി പയ്യന്നൂര്‍, ശ്രീജാദാസ്, മുഹമ്മദ് ഇരവട്ടൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത്ത് പുരുഷന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് ശ്രീനാഥ് ശിവശങ്കരനും എഡിറ്റര്‍ സ്റ്റീഫന്‍ മാത്യുവും കലാസംവിധാനം സാബു റാമും സൗണ്ട് ഡിസൈനര്‍ ഷെഫിന് മായനും മിക്സിംഗ് ഫസല്‍ എ. ബക്കറുമാണ്.
ആളൊരുക്കം നിര്‍മ്മിച്ച ജോളി ലോനപ്പന് തന്നെയാണ് സഭാഷ് ചന്ദ്രബോസും നിര്‍മ്മിക്കുന്നത്. വര്‍ഗീസ് ഫെര്‍ണാണ്ടസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
Recent Comments