സര്‍ക്കാര്‍ രേഖകളിലും ചരിത്രത്തിലും പുസ്തകങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം പല തീയതികളില്‍ ‘ജനിച്ച’ നിത്യഹരിത നായകന് പ്രേംനസീറിന്റെ ഔദ്യോഗിക ജന്മദിനം കണ്ടെത്തി. കൊല്ലവര്‍ഷം 1104 മീനം 10. അതായത്, 1929 മാര്‍ച്ച് 23. തീയതി കണക്കാക്കാന്‍ കൊല്ലവര്ഷ പഞ്ചാംഗത്തിന് പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരമുള്ള ജനനത്തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല.
സംവിധായകന് ആര്. ശരത്തും എഴുത്തുകാരന് വിനു എബ്രഹാമും പ്രേംനസീറിനെക്കുറിച്ച് തയ്യാറാക്കുന്ന ഇംഗ്ലീഷ് ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് കണ്ടെത്തല്‍.
‘വിക്കി പീഡിയയിലും വെബ് സൈറ്റുകളിലും പുസ്തകങ്ങളിലും പല വര്‍ഷവും പല തീയതിയുമാണ്. വിക്കിപീഡിയ പ്രകാരം 1926 ഏപ്രില്‍ 7 ആണ് ജനനത്തീയതി. ചലച്ചിത്ര അക്കാദമിയില്‍ മറ്റൊരു തീയതിയാണ്. ഈ ആശയക്കുഴപ്പം അവസാനിപ്പിക്കാനായിരുന്നു ശ്രമം. പ്രേംനസീറിന്റെ പാസ്പോര്‍ട്ട് മകള്‍ റീത്തയുടെ പക്കലുണ്ട്. അതില്‍, ജനനവര്‍ഷം 1929 ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പഠിച്ച ചിറയിന്‍കീഴ് ശ്രീചിത്തിര ബോയ്സ് ഹൈസ്കൂളിലെ (ഇപ്പോള്‍ നോബിള്‍ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ്) രജിസ്റ്ററിലും ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ രജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ- പേര്: അബ്ദുല്‍ ഖാദര്‍. ജനനത്തീയതി: 10.08.1104. ഇത് കൊല്ലവര്‍ഷമാണ്. പ്രേംനസീറിന്റെ യഥാര്‍ത്ഥ പേര് അബ്ദുല്‍ ഖാദര്‍ എന്നായിരുന്നു. പ്രേംനസീറിന്റെ സഹായത്തോടെ പുതുക്കിപ്പണിത ചിറയിന്‍കീഴ് പ്രേംനസീര്‍ മെമ്മോറിയല്‍ ഗവ. എച്ച്.എസിന് മുന്നിലെ സ്മാരകത്തിലും ഈ ജനനവര്‍ഷം കണ്ടതോടെ സംശയം മാറി.’ ആര്. ശരത്തും വിനു എബ്രഹാമും പറയുന്നു.
എന്റെ ജീവിതം എന്ന ആത്മകഥയിലും പ്രേംനസീറിന്റെ മകള്‍ ലൈല റഷീദും പി. സക്കീര്‍ ഹുസൈനും ചേര്‍ന്ന് എഴുതിയ ഇതിലേ പോയത് വസന്തം എന്ന ഓര്‍മ്മക്കുറിപ്പിലും ചേര്‍ന്നിട്ടുള്ള ജീവിതരേഖയില്‍ ജനനത്തീയതി 1927 ഏപ്രില്‍ 7 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1884 ഓഗസ്റ്റില്‍ സിനിമ മാസികയില്‍ മിത്രന് നമ്പൂതിരിപ്പാട് എഴുതിയ പ്രേംനസീറിന്റെ ജാതകപ്രകാരം ജനനത്തീയതി 1929 ഡിസംബര്‍ 16 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
Recent Comments