മാപ്പിളപാട്ടിന് പിന്നാലെ കരോള്‍ഗാനവും ഹിറ്റായതിന്റെ സന്തോഷത്തിലാണ് മനോജ് കെ. ജയന്. ഇനി ഈ സീരീസില്‍ ഒരു ഹിന്ദു ഭക്തിഗാനംകൂടി ഉണ്ടാകുമെന്ന് മനോജ് കെ. ജയന് കാന്‍ ചാനലിനോട് പറഞ്ഞു.
‘മക്കത്തെ ചന്ദ്രിക… പാടുമ്പോള്തന്നെ സംഗീതസംവിധായകനായ അന്‍ഷാദ് തൃശൂരിനോട് ഞാന്‍ പറഞ്ഞിരുന്നു. ഒരു മാപ്പിളപ്പാട്ടില്‍ ഇത് ഒതുങ്ങരുത്. ക്രിസ്തുമസിന് ഒരു കരോള്‍ഗാനവും വരുന്ന വിഷുവിന് ഒരു ഹിന്ദു ഭക്തിഗാനവും നമുക്ക് ചെയ്യണം. മനസ്സുകൊണ്ടും ശരീരംകൊണ്ടും ഞാന്‍ തികഞ്ഞൊരു മതേതരവിശ്വാസിയാണ്. അങ്ങനെയൊരു ആശയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍തന്നെ അന്‍ഷാദും അത് ഇഷ്ടമായി. ക്രിസ്തുമസിന് മുമ്പുതന്നെ കരോള്‍ഗാനം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അനവധിപ്പേരാണ് അത് നന്നായിരിക്കുന്നുവെന്ന് പറഞ്ഞ് വിളിക്കുന്നത്. സന്ദേശങ്ങള്‍ അയയ്ക്കുന്നത്.’ മനോജ് തുടര്‍ന്നു.
‘കരോള്‍ഗാനം റിക്കോര്‍ഡ് ചെയ്യുന്നതിനുമുമ്പ് അതിന്റെ വ്യത്യസ്തമായ കുറച്ച് ട്യൂണുകള്‍ ഇട്ടുതരാന്‍ ഞാന്‍ അന്‍ഷാദിനോട് പറഞ്ഞിരുന്നു. അടിസ്ഥാനപരമായി ഞാനൊരു സംഗീതജ്ഞനല്ലാത്തതുകൊണ്ട് എനിക്ക് കംഫര്‍ട്ടായ ഒരു ട്യൂണിലേ പാടാനാകൂ. അന്‍ഷാദ് നാല് ഈണങ്ങളിലുള്ള പാട്ട് അയച്ചുതന്നു. അതില്‍നിന്ന് ഞാന്‍ തെരഞ്ഞെടുത്തതാണ് ഈ കരോള്‍ഗാനം. മാപ്പിള പാട്ടില്‍നിന്ന് വ്യത്യസ്തമായി കരോള്‍ഗാനം വിഷ്വലൈസ് ചെയ്തിട്ടുണ്ട്. അതും എന്റെ നിര്‍ബ്ബന്ധമായിരുന്നു. ദൈവം അനുഗ്രഹിച്ചാല്‍ അടുത്ത വിഷുദിനത്തില്‍ ഈ സീരീസിലെ മൂന്നാമത്തെ ഗാനവും പാടാന്‍ കഴിയുമെന്നാണ് വിശ്വാസം.’ മനോജ് പറഞ്ഞു.
Recent Comments