കുറച്ച് കാലമായി മലയാള സിനിമയില്‍ മതവും വര്‍ഗീയതയും ഇടപ്പെടുന്നു. മോഹന്‍ലാലിനെതിരെയാണ് ഹിന്ദുത്വം ആരോപിച്ച് കടുത്ത സൈബര്‍ ആക്രമണം തുടക്കത്തിലുണ്ടായത്. ഇപ്പോള്‍ മമ്മൂട്ടിക്കെതിരെ മുസ്ലിം ചാപ്പ കുത്തി സൈബര്‍ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നില്‍ ചരട് വലിക്കുന്ന ചില ദുഷ്ട ശക്തികളുണ്ട്. അവരിപ്പോഴും തിരശീലയ്ക്കു പിറകിലാണ്. മുഖങ്ങളില്ലാത്തവരാണ് സോഷ്യല്‍ മീഡിയയിലൂടെ വൃത്തിക്കെട്ട കളികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെതിരെ സുഡാപ്പികള്‍ എന്നും മമ്മൂട്ടിക്കെതിരെ സംഘികളെന്നും അവരെ പേരിട്ട് വിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ തന്നെയാണോ എന്നു ചോദിച്ചാല്‍ ഭാഗികമാണെന്നേ പറയാന്‍ കഴിയൂ.
ജോഷി സംവിധാനം ചെയ്ത ധ്രൂവം എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് ചാപ്പ കുത്തലിന്റെ നാന്ദി കുറിക്കപ്പെട്ടത്. സവര്‍ണ കഥാപാത്രമായി അഭിനയിച്ച മമ്മൂട്ടിയുടെ മികച്ച അഭിനയത്തെ കേരളത്തിലെ ആസ്വാദകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ധ്രൂവം വലിയ ഹിറ്റായിരുന്നു. പിന്നീട് സിബിഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്യുന്നു. ആ സിനിമയിലെ സേതുരാമ അയ്യര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം നിറഞ്ഞാടുകയാണ് ചെയ്തത്. ആ സിനിമയുടെ വന്‍ വിജയമാണ് സിബിഐ ഡയറിക്കുറിപ്പിനു അഞ്ച് ഭാഗങ്ങള്‍ ഉണ്ടായത്. മലയാളത്തില്‍ ഒരു സിനിമയ്ക്ക് ഇതുവരെ അഞ്ചു ഭാഗങ്ങള്‍ ഉണ്ടായിട്ടില്ല. ലോക സിനിമയില്‍ പോലും. സിബിഐ ഡയറിക്കുറിപ്പിനു മുമ്പ് ഭദ്രന് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ അയ്യര്‍ ഡി ഗ്രേറ്റ് എന്ന സിനിമയും വിജയമായിരുന്നു.
തുടര്‍ച്ചയായി സവര്‍ണ കഥാപാത്രമായി മമ്മൂട്ടി തകര്‍പ്പന്‍ പ്രകടനം നടത്തുക മാത്രമല്ല ആ സിനിമകള്‍ ബോക്സ് ഓഫീസില്‍ ഹിറ്റായതോടെ ചിലര്‍ നെറ്റി ചുളിക്കുകയുണ്ടായി. അന്ന് മമ്മൂട്ടിക്കെതിരെ പ്രചാരണം നടത്തിയത് ഇപ്പോള്‍ സുഡാപ്പികള്‍ എന്നു വിളിക്കപ്പെടുന്നവരുടെ ജനുസില്പ്പെട്ടവരായിരുന്നു. അടുത്ത കാലത്ത് ഭ്രമയുഗം എന്ന സിനിമയിലും മമ്മൂട്ടിയുടെ മികച്ച പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ ആസ്വദിക്കുകയുണ്ടായി. ബി ഉണ്ണിക്കൃഷ്ണന്റെ പ്രമാണിയിലും മമ്മൂട്ടിയുടേത് സവര്‍ണ കഥാപാത്രമായിരുന്നു. ഒരു പക്ഷെ മുസ്ലിം കഥാപാത്രത്തേക്കാള്‍ മികച്ച അഭിനയം കാഴ്ച്ചവെച്ച മമ്മൂട്ടിയെ അടുത്ത കാലത്ത് ചിലര്‍ ചേര്‍ന്ന് മുസ്ലീമായി ചിത്രീകരിക്കുകയും മതം കലര്‍ത്തി ഈ മഹാനായ കലാകാരനെ വളഞ്ഞിട്ട് ആക്രമിക്കുന്ന വര്‍ത്തമാന ദുരന്തങ്ങളാണ് മലയാള സിനിമയില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ മുസ്ലീമാക്കി ചാപ്പകുത്തി ഒറ്റപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? മമ്മൂട്ടി എന്ന മഹാനായ കലാകാരന് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്.
അതുപോലെ മോഹന്‍ലാലും ദേവാസുരം, രാവണപ്രഭു, നരസിംഹം തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ ഹിന്ദുത്വത്തെ സിനിമയില്‍ സന്നിവേശിപ്പിക്കുന്നുവെന്ന് ചില കേന്ദ്രങ്ങളില്‍നിന്നും വിമര്‍ശനം ഉണ്ടായി. സംവിധായകരായ പ്രിയദര്ശന്, ജയരാജ് എന്നിവരുടെ സിനിമകളായ യഥാക്രമം അഭിമന്യു, ദേശാടനം തുടങ്ങിയ സിനിമകള്‍ക്കു നേരെയുമുണ്ടായി.
ഹൈന്ദവ സവര്‍ണ ബിംബങ്ങളെ ദൃശ്യവല്ക്കരിക്കുന്നുവെന്നായിരുന്നു അവര്‍ക്കെതിരെയുള്ള ആക്ഷേപം. ഒരു കാലത്ത് മുസ്ലിം കിഡ്നി ആവശ്യമുണ്ടെന്ന് പരസ്യം നല്കിയ ഒരു പത്രമായിരുന്നു ഇത്തരം പ്രചാരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അടുത്ത കാലത്ത് മോഹന്‍ലാല്‍ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വലിയ തോതിലാണ് സൈബര്‍ ആക്രമണം നടന്നത്. പ്രിയദര്ശന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. അതില്‍ മോഹന്‍ലാല്‍ മുസ്ലിം യുവാവായാണ് അഭിനയിച്ചത്. അന്ന് ഇപ്പോള്‍ സംഘി പട്ടം കൊണ്ട് നടക്കുന്നവരുടെ മുന്‍ഗാമികളായിരുന്നു നെറ്റി ചുളിച്ചത്.
അടുത്തകാലത്ത് മലയാള സിനിമയില്‍ മട്ടാഞ്ചേരി മാഫിയ ഉണ്ടെന്ന പ്രചാരണം ശക്തമാണ്. ചില നടന്മാരെ ഉന്നം വെച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നത്. ഈ മാഫിയയ്ക്ക് പിന്നിലും മമ്മൂട്ടിയുടെ പേര് വലിച്ചിഴയ്ക്കുകയാണ്. ഹിറ്റ് ഉണ്ടാക്കുന്ന നടന്മാരെ തകര്‍ക്കുന്ന പ്രചാരണങ്ങള്‍ മലയാള സിനിമയില്‍ മാത്രമല്ല, ലോക സിനിമയില്‍ വരെ ഉണ്ടായിട്ടുണ്ട്. അത്തരം കളികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. മലയാള സിനിമയില്‍ ചില നടന്മാരെ തകര്‍ക്കുവാന്‍ മതത്തെയും വര്‍ഗീയതയെയുമാണ് ചിലര്‍ കൂട്ടു പിടിക്കുന്നത്. ഇത് അപകടകരമായ പ്രവണതയാണ്.
രാഷ്ട്രീയത്തില്‍ മതം ഇടപെടാന്‍ പാടില്ലെന്ന് പലരും ശക്തമായി വാദിച്ചിരുന്നു. ഭൂരിപക്ഷ വര്‍ഗീയത പോലെ അപകടകരമാണ് ന്യൂനപക്ഷ വര്‍ഗീയതയും. എന്നാലിപ്പോള്‍ രാഷ്ട്രീയത്തില്‍ മതവും വര്‍ഗീയതയും ഇടപ്പെടുന്ന സ്ഥിതിയാണ്. അതുപോലെയാണ് മലയാള സിനിമയ്ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതവും വര്‍ഗീയതയും ഇടപ്പെടുന്നതോടെ രാഷ്ട്രീയവും സിനിമയും മലീമസമാവും.
ഉണ്ട, പുഴു എന്ന സിനിമകളോടെയാണ് മമ്മൂട്ടിക്കെതിരെ സിനിമയെ പ്രൊപ്പോഗാണ്ടയ്ക്കായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം ഉണ്ടായത്. ഉണ്ടയുടെ സംവിധായകന്റെ വാചകങ്ങളാണ് മമ്മൂട്ടിക്കെതിരെ തിരിയാനുള്ള ഒരു കാരണം.
ഇവിഎം മെഷീനിലെ കൃത്രിമം മൂലമാണ് ബിജെപി അധികാരത്തില്‍ വന്നതെന്നായിരുന്നു ഈ തിരക്കഥാകൃത്തിന്റെ ആരോപണം. ഇവിഎം മെഷീന് കോണ്‍ഗ്രസിന്റെ കാലത്താണ് ഉപയോഗിക്കുവാന്‍ തുടങ്ങിയത്. ഇതുവരെ ഈ മെഷീനില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നത് അന്തരീക്ഷത്തിലെ ആരോപണം മാത്രമാണ്. തട്ടിപ്പുകള്‍ ശാസ്ത്രീയമായി തെളിയിക്കുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സുപ്രീം കോടതിയില്‍ ഈ മെഷിനുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ എത്തുകയുണ്ടായി. വാദം കേട്ട് എല്ലാം തള്ളിക്കളഞ്ഞതാണ്. എന്നിട്ടും ഉണ്ടയില്ലാത്ത വെടിയുമായി ഈ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസ് ജയിക്കുമ്പോള്‍ ഇ വി എം മെഷീനില്‍ കൃത്രിമം ആരോപിക്കുന്നില്ല. ബിജെപി ജയിക്കുമ്പോഴാണ് ഈ ആരോപണം ഉണ്ടാകുന്നത്. അപ്പോള്‍ ആരോപണം ഉന്നയിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണല്ലോ. ഈ ആരോപണം ഉന്നയിച്ച ഉണ്ട എന്ന സിനിമയുടെ തിരക്കഥകൃത്തായ ഹര്‍ഷാദിനെ പുഴു എന്ന മമ്മൂട്ടിയുടെ സിനിമയുടെ തിരക്കഥ എഴുതാന്‍ ചുമതലപ്പെടുത്തിയത് മമ്മൂട്ടിയാണെന്ന ആരോപണത്തോടെയാണ് മമ്മൂട്ടിയെ മുസ്ലീമായി ചാപ്പകുത്താന്‍ തുടങ്ങിയത്.
Recent Comments