തീയറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പാളയം വിജെടി ഹാളില്‍ വച്ചായിരുന്നു പൂജാചടങ്ങുകള്‍ നടന്നത്.
എസ്.എന്‍. സ്വാമി സ്വിച്ച് ഓണ്‍ കര്‍മ്മവും ജഗദീഷ് ഫസ്റ്റ് ക്ലാപ്പും നിര്‍വ്വഹിച്ചു. പൃഥ്വിരാജ്, ആസിഫ് അലി, എ.കെ. സാജന്, ജിനു വി, എബ്രഹാം എന്നിവരടക്കം നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിനുവേണ്ടി 60 ദിവസത്തെ കോള്‍ഷീറ്റാണ് പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്. നീണ്ട ഇടവേളക്കുശേഷമാണ് പൃഥ്വിരാജ് തന്റെ ജന്മനാട് കൂടിയായ തലസ്ഥാന നഗരിയില്‍ വീണ്ടും ചിത്രീകരണവുമായി എത്തുന്നത്.
ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ.
ചിത്രത്തിന്റെ തിരക്കഥയ്ക്കടിസ്ഥാനം ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ശങ്കുമുഖിയാണ്. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ കഥ പറയുന്ന ചിത്രംകൂടിയാണിത്. പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യര്‍ ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ അടുത്താഴ്ച ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ദിലീഷ് പോത്തന്, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ജോമോന് ടി ജോണ്‍ ചായഗ്രഹണം നിര്‍വഹിക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജു വൈക്കം, പി.ആര്.ഒ. ശബരി.
Recent Comments