അടുത്തിടെ ചില സിനിമാപേരിനെയും പോസ്റ്ററിനെയും ചൊല്ലി ഒരു വിഭാഗം ക്രിസ്ത്യന്‍ സംഘടനകള്‍ നടത്തിയ പ്രതികരണം സോഷ്യല്‍മീഡിയയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
നാദിര്‍ഷായുടെ ‘ഈശോ’ എന്ന ചിത്രത്തിന് നേരെയായിരുന്നു ആദ്യ ആക്രമണം. രണ്ട് ദിവസം മുമ്പ് ഇറങ്ങിയ ‘ചേര’ എന്ന ചിത്രത്തിന് നേരെയും ചില ക്രിസ്ത്യന്‍ സംഘടനകളും മതവിശ്വാസികളും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി വന്നിരിക്കുകയാണ് സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളിയുടെ സഹ വികാരിയും എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ ഫാ. ജെയിംസ് പനവേലില്‍. വളര്‍ന്നുവരുന്ന ക്രിസ്ത്യന്‍ മതമൗലിക വാദത്തിന്റെ ലക്ഷണമാണിതെന്ന് അദ്ദേഹം പറയുന്നു. പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടെയാണ് വൈദികന്റെ പ്രതികരണം.
‘രണ്ടാഴ്ച മുമ്പാണ് നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമയ്ക്ക് പേരു വീണത്, ഈശോ. ഈ പേര് വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും പല സിനിമകള്‍ക്കും പേര് വീണിട്ടുണ്ട്. ഈമയൗ (ഈശോ മറിയം യൗസേപ്പ്), ആമേന്‍, ഹല്ലേലുയ്യ, എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കയാണ്. സമൂഹമാധ്യമങ്ങളില്‍ നമുക്ക് പേര് വീണു. അറിയില്ലെങ്കില്‍ പറയാം, ക്രിസംഘി. നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള് ഇങ്ങനെയായിരുന്നില്ല.’ ഫാ ജയിംസ് പനവേലില്‍ പറയുന്നു.
‘മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. ഈശോ എന്ന പേരാലാണോ? ഒരു സിനിമയിലാണോ? ഒരു പോസ്റ്ററിലാണോ? അങ്ങനെ ഒരു സിനിമ ഇറങ്ങിയാല്‍ പഴുത്ത് പൊട്ടാറായി നില്ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്.’ ഫാ ജയിംസ് പനവേലില്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.
Recent Comments