പിവി അന്‍വർ എംഎൽഎ യ്ക്കെതിരെ എഡിജിപി എംആർ അജിത് കുമാർ രംഗത്ത്. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറഞ്ഞു . ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി മൊഴിയായി നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാന് അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു.
അന്‍വറിൻ്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോർഡ് ചെയ്തു. ഐജി സ്പർജൻ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു. അൻവറിൻ്റെ ആരോപണത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നൽകിയ മൊഴി എന്ത് എന്നതിൽ ആകാംക്ഷയുണ്ട്. സ്വകാര്യ സന്ദർശനമെന്നായിരുന്നു അജിത് കുമാർ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം. നിരന്തരം ആരോപണം ഉന്നയിക്കുന്ന അൻവറിനെതിരെ എന്തെങ്കിലും തെളിവ് നൽകിയോ എന്നുള്ളതും പ്രധാനമാണ്.
ഇതിനിടെ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയിൽ ഡിജിപി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു . പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിലാണ് നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക.
Recent Comments