ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷികളുടെ കടുത്ത സമ്മര്‍ദത്തിനിടയിലും എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനു സംരക്ഷണകവചം തീര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്.
ആര്.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ.യും ആര്.ജെ.ഡിയും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ യോഗത്തില്‍ നിലപാടെടുത്തു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, ഉയര്‍ന്ന പോലീസുദ്യോഗസ്ഥന് ആര്.എസ്.എസ്. നേതാക്കളെ കണ്ടത് രാഷ്ട്രീയപ്രശ്നമാണെന്നും അത് കാണാതെ പോകരുതെന്നും ഇരുകക്ഷികളും ശക്തമായി വാദിച്ചു.
തൃശ്ശൂര്‍പ്പൂരം കലക്കിയതിന്റെ ഉത്തരവാദിത്വവും എ.ഡി.ജി.പി.ക്കാണെന്ന് ആക്ഷേപമുണ്ടെന്നകാര്യം എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയും ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുമെന്ന മറുപടിയില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യോഗത്തിനുശേഷം പുറത്തിറങ്ങിയ സിപിഐയുടെ ബിനോയ് വിശ്വവും ആർജെഡിയുടെ വർഗീസ് ജോര്‍ജും പഴയ നിലപാട് ആവര്‍ത്തിച്ചു. നിലപാട് ഒന്നേയുള്ളൂ, അതില്‍നിന്ന് മുന്നോട്ടും പിന്നോട്ടുമില്ലെന്നായിരുന്നു ബിനോയി വിശ്വത്തിൻ്റെ പ്രതികരണം. യോഗത്തിനു മുന്‍പ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിലാണ് നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.
Recent Comments