അക്ഷയ് കുമാര്‍, ധനുഷ്, സാറ അലി ഖാന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ‘അത്രംഗീ രേ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്യണ്‍ ആള്‍ക്കാരാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമയാണ് ചിത്രം.
അക്ഷയ്കുമാറും ധനുഷും ആദ്യമായി ഒരുമിക്കുന്ന ചിത്രംകൂടിയാണ് അത്രംഗീ രേ. ആനന്ദ് എല്‍. റായ് തന്നെ സംവിധാനം ചെയ്ത രാഞ്ജാനയായിരുന്നു ധനുഷിന്റെ അരങ്ങേറ്റ ഹിന്ദിചിത്രം. അതിനുശേഷം അമിതാഭ് ബച്ചനോടൊപ്പം ഷബിതാബ് എന്ന ചിത്രത്തിലും ധനുഷ് അഭിനയിച്ചിട്ടുണ്ട്. അത്രംഗീ രേയുടെ ട്രെയിലറില്‍ നിറഞ്ഞുനില്ക്കുന്നത് അക്ഷയ് കുമാറിനേക്കാള്‍ ധനുഷാണ്. ഷങ്കര്‍ സംവിധാനം ചെയ്ത യന്തിരന് 2 ല്‍ രജനികാന്തിന്റെ പ്രതിനായകനായി അഭിനയിച്ചത് അക്ഷയ് കുമാറായിരുന്നു.
2020 മാര്‍ച്ചിലായിരുന്നു അത്രംഗീ രേയുടെ ചിത്രീകരണം ആരംഭിച്ചത്. വാരാണസിയും മധുരയും ദില്ലിയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹിമാന്‍ഷു ശര്‍മ്മയാണ്. ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളുടെ സംയുക്തസംരംഭമാണ് ചിത്രം. ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം പങ്കജ് കുമാര്‍, എഡിറ്റിംഗ് ഹേമല്‍ കോത്താരി, സംഗീതം എ.ആര്. റഹ്മാന്.
തീയേറ്ററുകള്‍ തുറന്നതിനു ശേഷമുള്ള അക്ഷയ് കുമാറിന്റെയും ധനുഷിന്റെയും ആദ്യ ഒടിടി പ്രീമിയര്‍ റിലീസാണ് ‘അത്രംഗീ രേ’. അക്ഷയ് കുമാറിന്റെ ഏറ്റവും ഒടുവിലായി ഇറങ്ങിയ ഒടിടി റിലീസ് ചിത്രം ലക്ഷ്മിയായിരുന്നു. ബെല്ബോട്ടവും, സൂര്യവന്‍ശിയും തീയേറ്റര്‍ റിലീസുകളായിരുന്നു. ധനുഷിന്റെ കര്ണ്ണന് തീയേറ്ററുകളിലെത്തിയപ്പോള്‍ ജഗമേ തന്തിരം നെറ്റ്ഫ്ളിക്സാണ് റിലീസിനെടുത്തത്.
ആനന്ദ് എല്‍ റായ്യുടെ അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘രക്ഷാബന്ധനി’ലും അക്ഷയ് കുമാറാണ് നായകന്.
Recent Comments