ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ഗംഗുഭായ് കത്ത്യാവാടി’യുടെ റിലീസ് ജൂലൈ 30 ന്. സംവിധായകന്റെ ജന്മ ദിനം പ്രമാണിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്ററും ടീസറും പുറത്തിറക്കുകയുണ്ടായി. ടീസറിന് മുന്നോടിയായി റിലീസ് ചെയ്ത പോസ്റ്റര്‍ നിമിഷങ്ങള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ആളി പടരുകയായിരുന്നു. അതിനു പിറകെ പുറത്തിറങ്ങിയ ടീസര്‍ മണിക്കൂറുകള്‍ക്കകം യൂ ട്യൂബില്‍ ദശലക്ഷത്തില്പരം കാണികളെ ആകര്‍ഷിച്ചു. തകര്‍പ്പന്‍ പ്രകടനമാണ് ആലിയാ ടീസറില്‍ കാഴ്ച വെച്ചിരിക്കുന്നത്.
മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാകുന്നത്.
മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന പേരില്‍ ഹുസൈന് സെയ്ദി രചിച്ച പുസ്തത്തിലെ ഒരദ്ധ്യായമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗുജറാത്തില്‍നിന്ന് തന്റെ കാമുകനോടൊപ്പം മുംബൈയിലെ കത്ത്യവാടിയില് എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ. ജീവിതത്തിന്റെ ലഹരി നുകരാന്‍ കൊതിച്ചു വന്ന അവളെ, ശരീരംവിറ്റ് കാശാക്കുന്ന കഴുകന്മാര്ക്ക് ഭര്‍ത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്ത്യവാടിയിലെ ആ വേശ്യാതെരുവില്‍ നിന്ന് അവള് ക്രിമിനലുകളുമായും അധോലോക നായകന്മാരുമായും സൗഹൃദം സ്ഥാപിച്ചു. തെക്കന്‍ മുംബൈയിലെ ഒരു ഭാഗം മുഴുവന്‍ അവള് അടക്കിഭരിച്ചു. ഒപ്പം സ്വന്തമായി വേശ്യാലയം തുടങ്ങി. അവിടെ നിന്ന് ലഭിക്കുന്ന പണം കൊണ്ട് അനാഥരെയും ചുവന്ന തെരുവിലെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയായിരുന്നു അവര്‍.
സഞ്ജയ് ലീല ബന്‍സാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതും. ബന്‍സാലി പ്രൊഡക്ഷന്‍സും ഡോക്ടര്‍ ജയന്തിലാല്‍ ഗദ്ദയുടെ പെന്‍ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സി.കെ. അജയ് കുമാര്‍
Recent Comments