കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നുപോയ ഈ കോവിഡ് കാലത്താണ് എലോണ്‍ എന്ന മോഹന്‍ലാല്‍ ചിത്രവും പിറവി കൊള്ളുന്നത്. ഏകാംഗ നാടകംപോലെ ഏകാംഗ ചലച്ചിത്രമെന്ന് എലോണിനെ വിശേഷിപ്പിക്കാം. പേരുപോലെ ഒരാള്‍ തനിച്ചാണ് ഈ സിനിമയെ ആദ്യാന്തം നയിച്ചുകൊണ്ടുപോകുന്നത്. ആ യാത്രയില്‍ അനവധി കഥാപാത്രങ്ങളെ അവരുടെ ശബ്ദത്തിലൂടെ നമ്മള് തിരിച്ചറിഞ്ഞുവെന്ന് വരും. പക്ഷേ അവരാരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല.
ഒരു നടനെ വച്ച് ഒരു സിനിമ പൂര്‍ത്തിയാക്കുക എന്നത് തീര്‍ത്തും പരീക്ഷണം തന്നെയാണ്. (‘സണ്ണി’യിലൂടെ രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീം ആ പരീക്ഷണത്തെ അതിജീവിച്ചവരാണ്.) ആ വെല്ലുവിളിയാണ് സംവിധായകന് ഷാജി കൈലാസും ഏറ്റെടുത്തത്. ഒരു ഫ്ളാറ്റിനുള്ളിലാണ് എലോണിന്റെ കഥ മുഴുവനും നടക്കുന്നത്. അതിനുവേണ്ടി ഒരു സെറ്റ് തന്നെ തീര്‍ത്തു. സന്തോഷ് രാമനായിരുന്നു കലാസംവിധായകന്‍. എലോണിന്റെ 99 ശതമാനം വര്‍ക്കുകളും ആ സെറ്റിനുള്ളിലാണ് നടന്നത്. നാല് ദിവസത്തെ പുറംവാതില്‍ ചിത്രീകരണമുണ്ടായിരുന്നു. പാസ്സിംഗ് ഷോട്ടുകളായിരുന്നു അതിലേറെയും. അതുകൊണ്ടാണ് ‘ഒരു മാസ് സിനിമ പ്രതീക്ഷിച്ച് എലോണ്‍ കാണാന്‍ ആരും വരരുതെന്ന്’ ഷാജി കൈലാസ് മുന്‍കൂട്ടി പറഞ്ഞത്. രാജേഷ് ജയരാമന്റെ നിരവധി തിരക്കഥകള്‍ ഷാജി മുമ്പും ചലച്ചിത്രമാക്കിയിട്ടുണ്ടെങ്കിലും ഇത്തരമൊരു പരീക്ഷണചിത്രം ആദ്യമാണ്.
ത്രില്ലറാണ് ചിത്രം. ഹൊററിന്റെ സ്പര്‍ശവുമുണ്ട്. ഏകാംഗ അഭിനയത്തിലൂടെ മോഹന്‍ലാല്‍ തന്റെ കഥാപാത്രത്തെ അതിഗംഭീരമാക്കിയെന്ന് ഷാജി കൈലാസും സാക്ഷ്യപ്പെടുത്തുന്നു.
അഭിനയിക്കാന്‍ ഇല്ലായിരുന്നെങ്കിലും താങ്കളുടെ ശബ്ദംകൊണ്ട് എലോണിനെ സമ്പന്നമാക്കിയത് മലയാളത്തിലെ മുന്‍നിര താരങ്ങള്തന്നെയായിരുന്നു. പൃഥ്വിരാജും സിദ്ധിക്കും രഞ്ജിപണിക്കരും നന്ദുവും സുരേഷ് കൃഷ്ണയും ബൈജുവും ശങ്കര്‍ രാമകൃഷ്ണനും മഞ്ജുവാര്യരും രചനാ നാരായണന്‍കുട്ടിയും ആനിയും മല്ലികാ സുകുമാരനും സീനത്തുമൊക്കെ എലോണിനുവേണ്ടി ശബ്ദം കൊടുത്തവരായിരുന്നു.
ഒടിടി റിലീസിന് വേണ്ടിയിട്ടാണ് എലോണ്‍ നിര്‍മ്മിച്ചതെങ്കിലും പിന്നീട് തീയേറ്റര്‍ റിലീസിലേയ്ക്ക് അത് മാറ്റുകയായിരുന്നു. ജനുവരി 26 ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഈ പരീക്ഷണചിത്രത്തെ ജനം എങ്ങനെ സ്വീകരിക്കുമെന്നുമാത്രമാണ് ഇനി കാത്തിരിക്കാനുള്ളത്.
Recent Comments