സഞ്ജു വി. സാമുവല്‍ സംവിധാനം ചെയ്ത് മാത്യു തോമസും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കപ്പ്’. അല്‍ഫോണ്‍ പുത്രനാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന ഒരു പ്രത്യേകതയുമുണ്ട്. അഖിലേഷ് ലതാരാജും ഡെന്‍സണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ കപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന് സഞ്ജു വി. സാമുവല്‍
എങ്ങനെയാണ് കപ്പ് എന്ന ചിത്രത്തിലേക്ക് എത്തപ്പെടുന്നത്?
ഈ ചിത്രത്തിന്റെ കഥ എന്റേയായിരുന്നു. അഖിലേഷ് ലതാരാജും ഡെന്‍സണ്‍ ഡ്യൂറോമും ആ കഥ തിരക്കഥയാക്കി. അതിന് ശേഷം ലീഡായി മാത്യുവിനെ സമീപിച്ചു. മാത്യു കഥ കേട്ടിട്ട് ഓക്കെ പറയുകയായിരുന്നു. ആല്വിന് ആന്റണി സാറ് നിര്‍മ്മിച്ച ഓം ശാന്തി ഓശാന, ഒരു സെക്കന്റ് ക്ലാസ് യാത്ര, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ചിത്രങ്ങളില്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ആ ഒരു ബന്ധം വെച്ചാണ് അദ്ദേഹത്തിലേക്കും അനന്യ ഫിലിംസിലേക്കും എത്തുന്നത്.
ബാറ്റ്മിന്റണ്‍ ഉണ്ടെന്നു പറഞ്ഞല്ലോ? ‘കപ്പ്’ ഒരു സ്പോര്‍ട്സ് ചിത്രമാണോ?
അല്ല. ഇത് ഒരു ഫാമിലി ഡ്രാമയാണ്. ബാറ്റ്മിന്റണ്‍ പശ്ചാത്തലമാകുന്നു എന്ന് മാത്രം.
അല്‍ഫോണ്‍സ് പുത്രനാണ് ചിത്രം അവതരിപ്പിക്കുന്നത്. സിനിമയുമായി അല്ഫോണ്സിനുള്ള ബന്ധം?
ചിത്രം അല്‍ഫോണ്‍സ് പുത്രന് അവതരിപ്പിക്കുന്നു എന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്താണ് പ്രേമം ഇറങ്ങുന്നത്. അതിന് മുമ്പ് തന്നെ നേരം ഇറങ്ങിയിരുന്നു. ഈ രണ്ട് സിനിമകളെയും അതിന്റെ സംവിധായകനെയും ഏതൊരു സിനിമ മോഹിയും ഫോളോ ചെയ്തിരിക്കും. ഞാനും വളരെയധികം ആരാധിക്കുന്ന ഫിലിം മേക്കറാണ് അദ്ദേഹം. ആരാധനയില്‍നിന്ന് മാറി ഞാന്‍ ചെയ്ത സിനിമ അവതരിപ്പിക്കുന്ന ആളാകുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.
നിര്‍മാതാവിന്റെ മരുമകന് എന്ന നിലയില്‍ നേരത്തെ അല്ഫോണ്സേട്ടന് കഥയെല്ലാം അറിയാമായിരുന്നു. തുടക്കം മുതല്‍ എന്നോട് സംസാരിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കാസ്റ്റിങ്ങിലും എന്നെ അല്ഫോണ്സേട്ടന് സഹായിച്ചിട്ടുണ്ട്. വെറുമൊരു അവതാരകന് മാത്രമല്ല, സിനിമയുടെ ഓരോ സ്റ്റേജിലും കൂടെയുണ്ടായിരുന്ന ആളാണ് അല്ഫോണ്സേട്ടന്.
ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രവീണിനെ കുറിച്ച്?
2012ല്‍ കായംകുളത്ത് ഒരു ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമായാണ് നിഖിലിനെ ഞാന്‍ പരിചയപ്പെടുന്നത്. അന്ന് തീരുമാനിച്ചതാണ് ഞാനൊരു സിനിമ ചെയ്യുമ്പോള്‍ നിഖിലായിരിക്കും ക്യാമറാമാന് എന്നുള്ളത്. ഞാന്‍ മാത്രം തീരുമാനിച്ചാല്‍ പോര പക്ഷേ അതുപോലെ തന്നെ സംഭവിച്ചു. ഞങ്ങള്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രിയുണ്ട്. ഇടുക്കിയിലെ വെള്ളത്തൂവല്‍ എന്ന സ്ഥലത്ത് നടക്കുന്ന കഥയാണിത്. ബാറ്റ്മിന്റണ്‍ കോക്കിനെ അനുസ്മരിപ്പിക്കും വിധത്തിലാണ് ‘വെള്ളത്തൂവല്‍’ തന്നെ തിരഞ്ഞെടുത്തത്. നാച്യുറല്‍ ലൈറ്റിലും നൈറ്റ് സീനുകള്‍ ഷൂട്ട് ചെയ്യുന്നതില്‍ നിഖില്‍ അഗ്രഗണ്യന്‍. അത് ചിത്രത്തില്‍ വളരെയധികം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
മാത്യൂസ് – ബേസില്‍ കോസിനേഷനിലേക്ക് വരാനുള്ള കാരണം?
മാത്യൂസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സുഹൃത്തിന്റെ ചേട്ടന് കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്. സ്ക്രിപ്റ്റ് എഴുതിവന്നപ്പോള്‍ തന്നെ ആ കഥാപാത്രം ബേസില്‍ ചെയ്യണം എന്ന് തോന്നിയിരുന്നു.
ചിത്രത്തെകുറിച്ചുള്ള പ്രതീക്ഷകള്‍?
പ്രതീക്ഷകള്‍ക്കുപരി ചിത്രം കുടുംബപ്രേക്ഷകരിലേക്ക് എത്തണം എന്നാണ് എന്റെ ആഗ്രഹം. ഫാമിലികള്‍ എപ്പോഴും എത്തുന്നത് പതുക്കെ പറഞ്ഞും അറിഞ്ഞുമൊക്കെയാണ്. അവര്‍ ആദ്യമേ അറിയുകയാണെങ്കില്‍ നല്ലതായിരിക്കും എന്ന് തോന്നുന്നു. നമ്മുടെ ജീവിതത്തില്‍ കുടുംബത്തിനും സൗഹൃദങ്ങള്ക്കുമുള്ള പ്രാധാന്യമെല്ലാം സിനിമയില്‍ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയുടെ ടോട്ടാലിറ്റി എങ്ങനെയാകും എന്ന് പ്രവചിക്കാനൊന്നും കഴിയില്ല. പക്ഷേ സിനിമയിലെ സീക്വന്‍സുകള്‍ എല്ലാവര്ക്കും ഇഷ്ടപ്പെടുന്നതായിരിക്കും. പ്രതീക്ഷ എന്നത് കുടുംബ പ്രേക്ഷകര്‍ ചിത്രം കാണുകയും ചെറുതായിട്ട് അവരുടെ കണ്ണ് നനയിപ്പിക്കാന്‍ സാധിക്കണം എന്നതാണ്.
അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്വിന് ആന്റണിയും എയ്ഞ്ചലീന മേരിയുമാണ് കപ്പ് നിര്‍മ്മിക്കുന്നത്. നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗുരു സോമസുന്ദരം, തുഷാര പിള്ള, മൃണാളിനി സൂസ്സന് ജോര്‍ജ്, അനിഖ സുരേന്ദ്രന് പുതുമുഖം റിയാ ഷിബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വളരെ പ്രധാപ്പെട്ട വ്യത്യസ്തമായ റോളില്‍ നമിതപ്രമോദും എത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
Recent Comments