മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തി പ്രാപിച്ച മഴയില്‍ ചെന്നൈയിലെ വിവിധയിടങ്ങള്‍ വെള്ളത്തിലാണ്. ശക്തമായ മഴയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ നടന്മാരായ അമീര്‍ഖാനും വിഷ്ണുവിശാലും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോവുകയുണ്ടായി. എന്നാല്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം ഇന്ന് വൈകിട്ടോടെ ഇരുവരെയും രക്ഷപ്പെടുത്തി.
പ്രളയം കാരണം വീട്ടില്‍ അകപ്പെട്ടുപോയി എന്ന് വിഷ്ണു വിശാല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് രക്ഷാസംഘം നടന്റെ വീട് തേടിയെത്തിയത്. ഫയര്‍ഫോഴ്സ് അധികൃതര്‍ രക്ഷപ്പെടുത്തിയ വിവരവും ചിത്രങ്ങളും വിഷ്ണു വിശാല്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ഖാന് ചെന്നൈയിലെത്തിയത്. വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂറാണ് നടന് ആമിര്ഖാന് വീട്ടില്‍ കഴിയേണ്ടിവന്നത്. വിഷ്ണു പങ്കുവെച്ച ചിത്രങ്ങളില്‍ ആമിര്ഖാനുമുണ്ടായിരുന്നു. ഇതോടെയാണ് ആമിറും വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരിലുണ്ടായിരുന്നെന്ന് പുറംലോകം അറിഞ്ഞത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ച രാവിലെ 8.30-ഓടെ ചെന്നൈയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെവെച്ചാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്നാടിന്റെ വടക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു.
Recent Comments