ലോക തൊഴിലാളിദിനമായ നാളെ താരസംഘടനയായ അമ്മയുടെ ആഭിമുഖ്യത്തില്‍ ‘ഉണര്‍വ്’ എന്ന പരിപാടി നടക്കാനിരിക്കെ, അടിയന്തിര അവെയ്ലബിള് എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേരുന്നു. നാളെ വൈകുന്നേരം യോഗം ചേരുമെന്നാണ് ലഭിക്കുന്ന വിവരം. യുവനടിയുടെ പീഡനപരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനും അമ്മയുടെ എക്സിക്യൂട്ടീവ് അംഗവുമായ വിജയ് ബാബുവിനെതിരെ നിയമനടപടികള്‍ മുറുകുന്ന സാഹചര്യത്തിലാണ് അമ്മയുടെ ഈ അടിയന്തിര നീക്കം. ഇതിന് മുന്നോടിയായി അമ്മയുടെ തന്നെ ആഭ്യന്തര പരാതി സമിതിയോട് (ഐസിസി) റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്വേതാമേനോനാണ് ഐ.സി.സിയുടെ ചെയര്‍ പേഴ്സണ്‍. മാലാ പാര്‍വ്വതി, കുക്കു പരമേശ്വരന്, രചന നാരായണന്‍കുട്ടി, ഇടവേളബാബു എന്നിവരെ കൂടാതെ ഒരു നിയമജ്ഞനും ഈ കമ്മിറ്റില് അംഗമാണ്. വിജയ്ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കണമെന്ന റിപ്പോര്‍ട്ട് ഐ.സി.സി. നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അമ്മയിലെ ഒരു എക്സിക്യൂട്ടീവ് അംഗത്തെ പുറത്താക്കാന്‍ ഐ.സി.സിക്ക് നിയമപരമായ അവകാശമില്ല. അതുകൊണ്ടാണ് മേല്‍ നടപടിക്കായി ഐ.സി.സി. റിപ്പോര്‍ട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അതിന്മേല് തീരുമാനമെടുക്കേണ്ടത്. അതിനുവേണ്ടിയാണ് അമ്മ അടിയന്തിര അവെയ്ലബിള് എക്സിക്യൂട്ടീവ് മീറ്റിംഗ് വിളിച്ചുകൂട്ടുന്നതും. ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയിലുള്ള മോഹന്‍ലാല്‍ എത്തിച്ചേരുമെന്ന് വ്യക്തമല്ല. അതുകൊണ്ടാണ് ലഭ്യമായ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി ചേരാന്‍ തീരുമാനിച്ചത്. ഐ.സി.സി ശൂപാര്‍ശ എക്സിക്യൂട്ടീവ് കമ്മിറ്റിയും എതിര്‍ക്കാന്‍ ഇടയില്ലെന്നുവേണം കരുതാന്‍.
ഇതിനിടെ അമ്മയുടെ നേതൃത്വത്തില്‍ ‘ഉണര്‍വ്’ എന്ന പരിപാടിയും നാളെ സംഘടിക്കപ്പെടുന്നുണ്ട്. കലൂരിലുള്ള അമ്മയുടെ ആസ്ഥാന മന്ദിരത്തിലാണ് പരിപാടികള്‍ നടക്കുന്നത്. അമ്മയിലെ അംഗങ്ങളുടെ ഒത്തുചേരലും അവരുടെ ആരോഗ്യ പരിശോധനകളുമാണ് പ്രധാനമായും നടക്കുക. സുരേഷ്ഗോപിയാണ് ഈ ചടങ്ങിലെ മുഖ്യാതിഥി. വര്‍ഷങ്ങളായി അമ്മയുമായി അകന്നു നില്‍ക്കുകയായിരുന്ന സുരേഷ്ഗോപി തന്റെ മാതൃസംഘനയുടെ ഒരു പരിപാടിയിലേയ്ക്ക് എത്തുന്നത് ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിലാണ് അംഗങ്ങളും.
Recent Comments