എല്ലാ വര്‍ഷവും ജൂണ്‍ അവസാന ഞായറാഴ്ചയാണ് അമ്മയുടെ ജനറല്‍ ബോഡി കൂടിയിരുന്നത്. ലോകത്ത് എവിടെയായിരുന്നാലും അന്ന് ഒത്തുകൂടാനുള്ള അവസരം അമ്മയിലെ അംഗങ്ങളാരും പാഴാക്കിയിരുന്നില്ല. ജനറല്‍ബോഡി എന്ന ഔദ്യോഗിക ചടങ്ങിനപ്പുറം ഒരുമിച്ച് കാണാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സെല്‍ഫി എടുക്കാനുമൊക്കെയുള്ള അവസരങ്ങളായിട്ടാണ് അവര്‍ അതിനെ കണ്ടിരുന്നത്.
അമ്മ സ്ഥാപിതമായിട്ട് 27 വര്‍ഷങ്ങളാകുന്നു. കഴിഞ്ഞ 25 വര്‍ഷവും ജനറല്‍ ബോഡി മുടങ്ങിയിട്ടില്ല. കോവിഡ് പ്രോട്ടോകോള്‍ നിലനിന്നിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം പൊതുയോഗം കൂടാനായില്ല. ഈ വര്‍ഷവും സമാനസാഹചര്യമാണ് സംജാതമായത്.
ഓണ്‍ലൈനിലൂടെ പൊതുയോഗം നടത്താം എന്നൊരു നിര്‍ദ്ദേശം വന്നിരുന്നു. പക്ഷേ രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് അത് ഒഴിവാക്കിയത്. അമ്മയുടെ നിയമാവലിയില്‍ കഴിഞ്ഞവര്‍ഷം ചില പരിഷ്കരണങ്ങള്‍ വരുത്തിയിരുന്നു. ജനറല്‍ബോഡി കൂടി പാസ്സാക്കിയാലേ അതിന് നിയമപരമായ സാധുത ലഭിക്കൂ. 2021-24 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും ജനറല്‍ബോഡി കൂടണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് സാധ്യമല്ല. അതിനാല്‍ ഗവണ്മെന്റ് പെര്‍മിഷനുവേണ്ടി കാത്തിരിക്കുകയാണ്. അനുവാദം കിട്ടിയാല്‍ ഉടന്‍തന്നെ പൊതുയോഗം വിളിച്ചു ചേര്‍ക്കുമെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കാന്‍ചാനലിനോട് പറഞ്ഞു.
‘ലോക് ഡൗണിനെത്തുടര്‍ന്ന് സിനിമാവ്യവസായം പൂര്‍ണ്ണമായും നിശ്ചലാവസ്ഥയിലാണ്. ഇളവുകള്‍ ലഭിച്ച് ഷൂട്ടിംഗ് തുടങ്ങിയാല്‍പോലും എല്ലാവരും വാക്സിനേഷന് എടുത്തിരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. അതിന്റെ ഭാഗമായിട്ടാണ് അമ്മയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വാക്സിനേഷന് നല്‍കുന്നത്. നിരവധി പേപ്പര്‍വര്‍ക്കുകള്‍ അതിന് വേണ്ടിവന്നു. 27-ാം തീയതി വാക്സിനേഷന് ഡ്രൈവ് നടത്തും. അമൃത ഹോസ്പിറ്റലുമായി സഹകരിച്ചാണ് വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിക്കുന്നത്.’ ബാബു തുടര്‍ന്നു.
‘ഔദ്യോഗിക ചടങ്ങുകളൊന്നും ഉണ്ടാകില്ല. ആ ദിവസം പൃഥ്വിരാജ് ഭദ്രദീപം കൊളുത്തും. അത്രമാത്രം. 150 ഓളം പേര് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരെ വരുംദിവസങ്ങളില്‍ വാക്സിന്ഡ്രൈവിന്റെ ഭാഗമാകും.’ ഇടവേളബാബു പറഞ്ഞുനിര്‍ത്തി.
Recent Comments