സാമൂഹിക മാധ്യമങ്ങളില്‍ നടി ഹണിറോസിനെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിലും ഇതേത്തുടര്‍ന്നുള്ള നിയമനടപടിയിലും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ. ആവശ്യമെങ്കില്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കുമെന്നുമാണ് അമ്മ അഡ്ഹോക്ക് കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.
തനിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥപ്രയോഗം നടത്തുന്നയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടി സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് നടിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ വന്നത്. ഇതിനെതിരെ ഹണിറോസ് എണറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 27 പേര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഒരാളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. പോലീസ് നടപടിക്ക് പിന്നാലെ തനിക്കെതിരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ യുദ്ധത്തിനൊരുങ്ങുകയാണെന്നും ഹണിറോസ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
എന്റെ നേരെയുള്ള വിമര്‍ശനങ്ങളില്‍ അസഭ്യ-അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. സമൂഹമാധ്യമങ്ങളിലെ അസഭ്യ-അശ്ലീല ഭാഷപണ്ഡിതമാന്യന്മാരെ, നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകനുന്ന എല്ലാ സ്ത്രീകള്‍ക്കുംവേണ്ടി ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്നായിരുന്നു കുറിപ്പ്.
Recent Comments