സിനിമയുടെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി കലാകാരന്മാര്ക്കായി ലോകത്തിലാദ്യമായി ആഗോള തലത്തില്‍ ഹ്രസ്വ-ദീര്‍ഘ ചലച്ചിത്രങ്ങളുടെ ഒരു ഇന്റര്‍നാഷനല്‍ മലയാളം ഫിലിം ഫെസ്റ്റിവല്‍ എല്ലാ വര്‍ഷവും ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. നടന്, എഴുത്തുകാരന്, നിര്‍മ്മാതാവ്, സംവിധായകന് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലാണ് പരിപാടി ഒരുങ്ങുന്നത്.
കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളായ കലാകാരന്മാരുടെ ഹ്രസ്വ-ദീര്‍ഘ ചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ മലയാളം ചലച്ചിത്ര മേളകളില്‍ ഉള്‍പ്പെടുത്തുക, കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികള്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലേക്ക് എത്തുന്നുവെങ്കില്‍ ചിത്രീകണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്ക്കും അവസരം നല്കി ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് ഇന്റര്‍നാഷനല്‍ മലയാളം ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഓസ്ട്രേലിയ (IMFFI) ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ അയയ്ക്കേണ്ടതുമായ ഇമെയില്‍ [email protected]. ചിത്രങ്ങള്‍ 2024 ജൂലൈ 30ന് മുന്‍പായി അയക്കണം.
‘2024 മാര്‍ച്ച് 31 ന് ഉള്ളില്‍ ഓസ്ട്രേലിയയില്‍ ചിത്രീകരിച്ച ഹ്രസ്വ-ദീര്‍ഘ മലയാള സിനിമകളാണ് ആദ്യ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തുന്നത്. മികച്ച ചിത്രത്തിന് മാത്രമാണ് ആദ്യ വര്‍ഷങ്ങളില്‍ പുരസ്കാരം നല്‍കുക. മലയാള സിനിമാരംഗത്തെ പ്രശസ്തര്‍ അടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.മികച്ച ചിത്രത്തിന്റെ സംവിധായകന് അല്ലെങ്കില്‍ നിര്‍മാതാവിന് പ്രത്യേകം രൂപകല്പന ചെയ്ത ശില്‍പ്പവും ഫെസ്റ്റിവല്‍ വേദിയിലെത്താനുള്ള വിമാന ടിക്കറ്റും ഭക്ഷണ-താമസ സൗകര്യങ്ങളും ഐ.എം.എഫ്.എഫ്.എ. നല്‍കും.’
മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ നിര്‍മ്മാതാവും മരിക്കാര്‍ ഫിലിംസിന്റെ ഉടമയുമായ ഷാഹുല്‍ ഹമീദ് ഐ.എം.എഫ്.എഫ്.എ.യുടെ ലോഗോ പ്രകാശനം ചെയ്തു. ഗോള്‍ഡ് കോസ്റ്റില്‍ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിലെ അദ്ധ്യക്ഷസ്ഥാനം ജോയ് കെ മാത്യു വഹിച്ചു. മാര്‍ഷല്‍ ജോസഫ്, മജീഷ്, വിപിന്‍, റിജോ, ആഷ, ശരണ്‍, ഇന്ദു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പിആര്‍ഒ പി.ആര്. സുമേരന്‍.
Recent Comments