പ്രശസ്ത അഭിനേത്രി ലളിതശ്രീ എഴുതുന്ന അനുഭവക്കുറിപ്പുകളില്നിന്നുള്ള ഒരു അദ്ധ്യായമാണിത്. ‘ലളിതമീ… ശ്രീ’ എന്ന തലക്കെട്ടിലുള്ള പുസ്തക രചനയിലാണ് അവര്‍. കാന്‍ ചാനലില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടിയാണ് ഈ അനുഭവക്കുറിപ്പ് അയച്ചുതന്നതും.
കടത്തനാട്ട് മാക്കത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ഞാന്‍ വീട്ടില്‍ എത്തി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പനിക്കാന്‍ തുടങ്ങി. ആദ്യം കാര്യമാക്കിയില്ല. പനി കുറയാതെ വന്നപ്പോള്‍ ഡോക്ടറെ കണ്ടു. അപ്പോഴാണ് അറിയുന്നത് മലമ്പനിയാണെന്ന്. ഇത് അറിഞ്ഞതിന്റെ പിറ്റേന്നാണ് അപ്പച്ചന് സാറിന്റെ മാനേജര്‍ ആനന്ദന് ചേട്ടന് അടുത്ത ഷെഡ്യൂളിനുള്ള ടിക്കറ്റുമായി വീട്ടിലേക്ക് എത്തുന്നത്. അമ്മയുണ്ടോ സമ്മതിക്കുന്നു. എനിക്ക് പോകണം എന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ അമ്മ ഒരു പൊടിക്ക് സമ്മതിക്കുന്നില്ല.
”മലമ്പനി എന്ന് അറിഞ്ഞിട്ട് പറഞ്ഞു വിടുന്നത് എങ്ങനെയാ? നിങ്ങളുടെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാലും മോളുടെ കാര്യത്തില്‍ ആവലാതി ഏതൊരു അമ്മയ്ക്കും ഉണ്ടാവില്ലേ’
‘നിങ്ങള്‍ക്ക് ഒരു പേടിയും വേണ്ട. ആ കുട്ടിയുടെ ആരോഗ്യ കാര്യത്തില്‍ നിങ്ങളെക്കാള്‍ ഉത്കണ്ഠ ഞങ്ങള്‍ക്കാണ്. ഒരു കുഴപ്പവും വരാതെ ഞങ്ങള്‍ നോക്കിക്കോളാം. ആവശ്യം വന്നാല്‍ ഡോക്ടറെ വരുത്തി ചികിത്സിക്കും.’ ആനന്ദന് ചേട്ടന് അമ്മയ്ക്ക് ധൈര്യം നല്കി.
”എന്നാലും കുളമാവ് മലമ്പ്രദേശമല്ലേ.. ഈ മലമ്പനിയും കൊണ്ട് അവിടേക്ക് പോയാല്‍?”
അന്നേരം ഞാന്‍ ഇടയില്‍ കയറി. ‘അതേ.. അമ്മേ… ഈ മലമ്പ്രദേശവും മലമ്പനിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലന്നേ.”
”നീ കളിക്കാതെ റാണി..” അമ്മയുടെ ശാസന.
”അമ്മേ… അവിടെ എല്ലാരും ഉണ്ടല്ലോ. പേടിക്കാനൊന്നും ഇല്ല. ഞാന്‍ ശ്രദ്ധിച്ചോളാം.’ ഞാന്‍ ധൈര്യം കൊടുത്തതോടെ അമ്മ സമ്മതിച്ചു. ആവശ്യത്തിനുള്ള മരുന്നുകളും കൈയില്‍ കരുതി. ട്രെയിനിലായിരുന്നു കുളമാവിലേക്കുള്ള യാത്ര.
കുളമാവിലെത്തി. ഗസ്റ്റ് ഹൗസില്‍ ആയിരുന്നു താമസം. വേലപ്പന് അണ്ണനായിരുന്നു മേക്കപ്പ് മാന്‍. മേക്കപ്പ് ഇട്ട് എല്ലാവരും ലൊക്കേഷനിലേക്ക് പോയി. കുളമാവില്‍, പെരിയാറിന്റെ കൈവഴിയായി ഒഴുകിയിരുന്ന കിളിവള്ളിതോടിന്റെ മറുകരയിലാണ് സെറ്റ് ഇട്ടിരുന്നത്. അവിടേക്ക് എത്തണമെങ്കില്‍ തോട് കടന്നുതന്നെ പോകണം. വെള്ളം ഒരുപാട് ഉള്ള തോടാണ്. അവിടെയാണല്ലോ പിന്നീട് ഡാം വന്നത്. അപ്പോള്‍ തോടിന്റെ ആഴവും വ്യാപ്തിയും ഊഹിക്കാവുന്നതേ ഉള്ളൂ. വലിയ ഒരു മരത്തടിയുടെ രണ്ട് ഭാഗത്തും കയറു കെട്ടി വലിച്ചാണ് ചിത്രീകരണത്തിന് വേണ്ട സാമഗ്രികളും ആളുകളെയും ആ തോടിലൂടെ അക്കരെ കൊണ്ട് പോയത്. വളരെ കഷ്ടപ്പെട്ടാണ് എല്ലാം ഒരുക്കിയത്.
വൈകിട്ട് നാലു മണി ആയപ്പോഴേയ്ക്കും തണുപ്പ് തുടങ്ങി. പനി കാരണം എനിക്ക് അസ്വസ്ഥത കൂടി. ഞാന്‍ പനിച്ച് വിറക്കാന്‍ തുടങ്ങി. എന്റെ അവസ്ഥ പന്തിയല്ലെന്ന് കണ്ടപ്പോള്‍ സുകുമാരിചേച്ചി ആനന്ദന് ചേട്ടനോട് കാര്യം പറഞ്ഞു. അദ്ദേഹം വേഗം സംവിധായകനെ ചെന്ന് കണ്ടു. വിന്‍സന്റ് മാഷായിരുന്നു സംവിധായകന്. അദ്ദേഹം നസീര്‍ സാറിനോട് അടുത്ത സീനിനെ കുറിച്ചു സംസാരിക്കുകയാണ്. ആനന്ദന് ചേട്ടന് കാര്യം അവതരിപ്പിച്ചപ്പോള്‍ വിന്‍സന്റ് മാഷ് പറഞ്ഞു.
”അതിനെന്താ അവരെ വേഗം തീര്‍ത്തു വിടാമല്ലോ. നസീര്‍ സാറിന്റെ ഈ രണ്ട് സീന്‍ കൂടെ ഒന്ന് എടുത്തോട്ടെ’
‘എന്റെ സീന്‍ എപ്പോള്‍ വേണമെങ്കിലും എടുക്കാലോ. ഞാന്‍ ഇവിടെ തന്നെയുണ്ടല്ലോ. വയ്യെങ്കില്‍ അവരുടെ സീന്‍ വേഗം എടുത്ത് അയക്കാന്‍ നോക്കൂ. എന്നിട്ട് ഡോക്ടറെ കാണിക്കൂ.’ നസീര്‍ സാര്‍ പറഞ്ഞു.
പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും താന്‍ വലിയ നടന് ആണെന്ന അഹംഭാവം ഇല്ലാതെ താരതമ്യേന പുതുമുഖമായ ഒരു നടിക്കുപോലും പരിഗണന നല്‍കിയത് അദ്ദേഹത്തിന്റെ ഹൃദയവിശാലത കൊണ്ടാണ്. അതുകൊണ്ടാണ് അദ്ദേഹം ഇന്നും എല്ലാവരുടെയും മനസ്സില്‍ കുടികൊള്ളുന്നത്.
എന്റെ സീനുകള്‍ വേഗം എടുത്തു ഗസ്റ്റ് ഹൗസിലേക്ക് വിട്ടെങ്കിലും പനി വല്ലാതെ കൂടി ഞാന്‍ അവശയായി. ആനന്ദ് ചേട്ടന് ഡോക്ടറെ വിളിപ്പിച്ചു.
ഡോക്ടര്‍ പരിശോധിച്ചു മരുന്നുകള്‍ നല്കി പോയി. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള പടമായിരുന്നുവെന്ന് പറഞ്ഞിരുന്നുവല്ലോ. അതിന്റെ ബുദ്ധിമുട്ട് എത്രയാണെന്ന് നമുക്ക് ഊഹിക്കാം. ആ തിരക്കിനിടയിലും വിന്‍സന്റ് മാഷ് എന്നെ കാണാനും ആരോഗ്യ വിവരം തിരക്കാനും ഗസ്റ്റ് ഹൗസില്‍ എത്തി. വിന്‍സന്റ് മാഷ് മാത്രമല്ല ജയന്, ജയഭാരതി അങ്ങനെ കുറെ പേര് വന്ന് വിവരം അന്വേഷിച്ചു. മാസ്റ്റര്‍ രഘുവിന്റെ അമ്മയുണ്ടായിരുന്നു അവിടെ. അവരാണെങ്കില്‍ വലിയ ഭക്തയും. ആ അമ്മ എന്നെ കാണാന്‍ വന്നു. വന്നപ്പോള്‍ കയ്യില്‍ ഭസ്മവും കരുതിയിരുന്നു. ഒരമ്മയുടെ സ്നേഹത്തോടെ എന്റെ നെറ്റിയില്‍ ഭസ്മം പുരട്ടി തലോടി കൊണ്ട് പറഞ്ഞു.
”മോള് സുഖമായി ഉറങ്ങിക്കോളൂ. ഒന്നും പേടിക്കണ്ട. നാളെ എണീക്കുമ്പോഴേക്ക് എല്ലാം ശരിയാകും.’
അസുഖം ബാധിക്കുമ്പോള്‍ അങ്ങനെ കിട്ടുന്ന വാത്സല്യവും സ്നേഹവുമൊക്കെ മരുന്നിനേക്കാള്‍ ഫലം ചെയ്യും എന്ന് തോന്നിട്ടുണ്ട്. ആ അമ്മ പറഞ്ഞ പോലെ പിറ്റേന്ന് എനിക്ക് വളരെ ആശ്വാസം തോന്നി.
പിറ്റേദിവസം ഗാനചിത്രീകരണമായിരുന്നു. രാത്രിയിലാണ് ഷൂട്ട്. കൊട്ടാരനൃത്തരംഗമാണ്. ഉമ്മര്‍ ഇക്കയും ജയഭാരതിയും ഉണ്ണിമേരിയുമാണ് അഭിനയിക്കുന്നത്. കാണികളായി ഞാന്‍, ഷീലാമ്മ, മീനമ്മ, ശ്രീലത ചേച്ചി, സുകുമാരി അമ്മ എന്നിവര്‍ ഇരിപ്പുണ്ട്. അന്നേരം ഒരു കുട്ടി എന്റെ കയ്യില്‍ ഒരു ലെറ്റര്‍ കൊണ്ട് തന്നു. ഒന്നും പറയാതെ ആ കുട്ടി ഓടി പോകുകയും ചെയ്തു. ഞാന്‍ കത്ത് തുറന്ന് നോക്കിയപ്പോള്‍ അതൊരു പ്രേമ ലേഖനം ആയിരുന്നു.
‘അയ്യേ.. എന്നും പറഞ്ഞു’ ഞാന്‍ സ്തംഭിച്ചു നില്ക്കുമ്പോള് അടുത്തു ഉണ്ടായിരുന്നവര്‍ ആ കത്ത് വാങ്ങി നോക്കി. പിന്നെ പറയണോ പുകില്. അത് സെറ്റ് മുഴുവനും അറിഞ്ഞു. അടൂര്‍ ഭാസി ഏട്ടന് ഇങ്ങനെ എന്തേലും കിട്ടിയാല്‍ പിന്നെ പറയണ്ട. ഉള്ളതും ഇല്ലാത്തതും ഒക്കെ ചേര്‍ത്ത് വളരെ രസകരമായി കഥയുണ്ടാക്കും. കഥയ്ക്ക് ഇടയില്‍ ഗാനശകലങ്ങളൊക്കെ കയറ്റി കൊഴുപ്പിക്കും. മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ചു നമ്മളെ കളിയാക്കി കൊല്ലും. ഞാന്‍ ആകെ ചമ്മി നാറി എന്നു പറഞ്ഞാല്‍ മതിയല്ലോ.
അതിന് ശേഷം ഔട്ട്ഡോര്‍ ഷൂട്ടായിരുന്നു. ഷൂട്ടിംഗ് കാണാന്‍ ഒരുപാട് ആളുകള്‍ വന്നിട്ടുണ്ട്. ഷൂട്ടിങ് ഇടവേളകളില്‍ തമാശകള്‍ പറഞ്ഞിരിക്കുന്ന പതിവുണ്ട്. സ്ത്രീകള്‍ ഒരു ഭാഗത്ത് കൂടിയിരിക്കുന്നു. പുരുഷന്മാര് മറ്റൊരു ഭാഗത്തും. അന്ന് ഉസലാമണി എന്ന തമിഴ് ഹാസ്യ നടനുമുണ്ട്. അന്നേരം ഷീലാമ്മ എല്ലാവരോടുമായി ചോദിച്ചു.
”ജനങ്ങള്‍ കാണ്‍കെ ഉസാലാമണിയെ കവിളില്‍ ഉമ്മ വക്കാന്‍ തയ്യാറാകുന്ന ആള്‍ക്ക് ഞാന്‍ 100 രൂപ തരാം.”
”അയ്യേ… ഈ ഷീലാമ്മയുടെ ഒരു കാര്യം’ എന്ന് ഭൂരിഭാഗം പേരും പറഞ്ഞൊഴിഞ്ഞു. അപ്പോള്‍ ഞാന്‍ ഷീലാമ്മയോട് പറഞ്ഞു.
‘ഉസാലാമണിയെ ഉമ്മ വക്കാന്‍ പറ്റില്ല. നസീര്‍ സാറിനെ ആണേല്‍ ഒന്ന് ശ്രമിക്കാം’
ഷീലാമ്മ വേഗം സമ്മതിച്ചു. ഈ പെണ്ണിന് അതിനുള്ള ധൈര്യമൊന്നും കാണില്ല എന്നായിരുന്നു ഷീലാമ്മയുടെ മനസ്സില്‍.
ഞാന്‍ നേരെ നസീര്‍ സാറിന്റെ അടുത്തേക്ക് പോയി. സാറിനോട് സ്വകാര്യമായി കാര്യം അവതരിപ്പിച്ചു. ഇത് കേട്ട് നസീര്‍ സാര്‍ എന്നെ നോക്കി ചിരിച്ചു. അന്നേരം ഞാന്‍ നസീര്‍ സാറിനോട് വീണ്ടും പറഞ്ഞു.
”സാര്‍ എനിക്കൊരു 100 രൂപ കിട്ടുന്ന കാര്യമാണ്.’
‘എങ്കില്‍ ആയിക്കോട്ടെ.’ നസീര്‍ സാര്‍ പറഞ്ഞു.
അങ്ങനെ നസീര്‍ സാറിന്റെ കവിളില്‍ ഉമ്മ കൊടുത്തു. ഷീലാമ്മയുടെ കയ്യില്‍ നിന്ന് 100 രൂപ ഞാന്‍ കൈപ്പറ്റി. എല്ലാം കഴിഞ്ഞപ്പോള്‍ നസീര്‍ സാര്‍ വന്ന് ചോദിച്ചു.
”ശരി. എനിക്ക് തന്ന ഈ ഉമ്മ ഞാന്‍ തിരിച്ചു നല്കിയാല് എനിക്ക് എത്ര പണം നല്‍കും ഷീലേ?”
ഇത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. അങ്ങനെ കളിയും ചിരിയും തമാശകളുമൊക്കെയായി കടത്തനാട്ട് മാക്കം ചിത്രീകരണം അവസാനിച്ചു.
Recent Comments