ബാലു കിരിയത്ത് സംവിധാനം ചെയ്ത വിസയുടെ ആദ്യ ഷെഡ്യൂള്‍ ബോംബെയില്വച്ചായിരുന്നു. അതിനുശേഷം കേരളത്തിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. മെരിലാന്റ് സ്റ്റുഡിയോയിലായിരുന്നു പിന്നീടുള്ള ഷൂട്ടിംഗ്. മമ്മൂട്ടിയും മോഹന്‍ലാലും ശ്രീനാഥും ബഹദൂറും ശാന്തികൃഷ്ണയുമടക്കം വലിയ താരനിരയുണ്ടായിരുന്ന ചിത്രമാണ്.
വേലായുധന് കീഴില്ലമായിരുന്നു വിസയുടെ കോസ്റ്റ്യൂമര്‍. അദ്ദേഹത്തിന് മറ്റൊരു പടത്തിന്റെ വര്‍ക്കിനായി രണ്ടു ദിവസം മാറി നില്‍ക്കേണ്ടി വന്നതിനാല്‍ എന്നെ ചുമതലയേല്‍പ്പിച്ചാണ് പോയത്.
മമ്മൂട്ടിയുടെ കോസ്റ്റ്യൂമിന്റെ കാര്യമൊന്നും വേലായുധന്ചേട്ടന് എന്നോട് പറഞ്ഞിരുന്നില്ല. പക്ഷേ അസിസ്റ്റന്റ് ഡയറക്ടര്‍മാരും മാനേജര്‍മാരും എന്നോട് വന്ന് കാര്യം പറഞ്ഞു. സാറ് ഡബിള്‍ ബുളിന്റെ ഷര്‍ട്ട് മാത്രമേ ധരിക്കാറുള്ളൂ. കിട്ടിയില്ലെങ്കില്‍ പിണങ്ങും, വഴക്ക് പറയും. പുറത്ത് പോയി ഷര്‍ട്ട് വാങ്ങാന്‍ അന്ന് നിര്വ്വാഹമൊന്നുമുണ്ടായിരുന്നില്ല. നിര്‍മ്മാതാവ് അതിനൊട്ട് സമ്മതിച്ചിരുന്നതുമില്ല. പിന്നെയൊരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. അവിടെയുണ്ടായിരുന്ന ഭേദപ്പെട്ട തുണികളില്‍ ഒരെണ്ണമെടുത്ത് വെട്ടി തയ്ച്ചു. മമ്മൂട്ടിയുടെ അളവൊക്കെ എനിക്ക് മനഃപാഠമായിരുന്നു. മുമ്പെപ്പോഴോ അവിടെ ഉപയോഗിച്ച ഒരു ഡിബി ഷര്‍ട്ടിന്റെ എംബ്ലവും അത് പൊതിഞ്ഞുകൊണ്ടുവന്ന കവറും ഞാന്‍ തപ്പിയെടുത്ത് വച്ചിരുന്നു. ഡിബി ഷര്‍ട്ടിന്റെ എംബ്ലം ഞാന്‍ തയ്ച്ച ഷര്‍ട്ടിന്റെ പോക്കറ്റിന് മുകളിലായി കൈത്തുന്നല്‍ ചെയ്ത് പിടിപ്പിച്ചു. എന്നിട്ടത് ഡിബി ഷര്ട്ടിന്റെതന്നെ കവറിലിട്ടു. അതുമായി മമ്മൂട്ടിയുടെ അടുക്കലെത്തി. അദ്ദേഹത്തിന്റെ മുന്നില്‍വച്ച് കവര്‍ തുറന്ന് ഷര്‍ട്ട് എടുത്ത് നല്കി. എനിക്ക് പേടിയുണ്ടായിരുന്നു. അദ്ദേഹം എന്റെ കള്ളത്തരം കണ്ടുപിടിക്കുമോയെന്ന്. പക്ഷേ ഭയന്നതുപോലെയൊന്നും ഉണ്ടായില്ല. അദ്ദേഹം ഷര്‍ട്ട് ധരിച്ചു. ഫിറ്റിംഗ് ഒക്കെ കൃത്യമായതുകൊണ്ട് ഒന്നും പറഞ്ഞില്ല. ഒരു വലിയ ആപത്തില്‍നിന്ന് രക്ഷപ്പെട്ട് വന്നവനെപ്പോലെ ഞാന്‍ ദീര്‍ഘനിശ്വാസം കൊണ്ടു.
കുറേക്കാലം കഴിഞ്ഞ് ഞാനീക്കഥ മമ്മൂട്ടിയോട് പറഞ്ഞു. ഒന്നു ചിരിച്ചതല്ലാതെ മറുത്തൊന്നും അദ്ദേഹം എന്നോട് പറഞ്ഞില്ല.
മമ്മൂട്ടിയെക്കുറിച്ചുള്ള ഈ കഥ ഇന്ദ്രന്‍സ് പങ്കുവച്ചത് കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ്. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാന്‍ സന്ദര്‍ശിക്കൂ… LINK
Recent Comments