‘ഇതോ അങ്കം?
ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം?
പന്തിപ്പഴുത് കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടി ഒഴിഞ്ഞതെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങള്‍ക്ക്.
ശേഷമെന്തുണ്ട് കയ്യില്‍?
പുറഞ്ചയമായി തുടങ്ങി സൗഭദ്രമെന്ന് തോന്നിപ്പിക്കുന്ന പഴയ ആ പുത്തൂരമടവോ. അതോ പരിചയ്ക്ക് മണ്ണു വാരി കണ്ണിലെറിഞ്ഞ് ചതിച്ചു വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവോ? ചന്തുവിനെ തോല്പിക്കാന് നിങ്ങള്‍ക്കാവില്ല മക്കളെ’
മലയാളി എന്നെന്നും നെഞ്ചിലെ ആമാടപ്പെട്ടിയില്‍ നിധി പോലെ സൂക്ഷിക്കുന്ന ഡലോഗാണ് ഇത്. ഒരിക്കലെങ്കിലും ഇത് പറഞ്ഞു നോക്കാത്ത മലയാളി ഉണ്ടാകില്ല. എംടിയുടെ രചനയില്‍ പിറന്ന ഒരു വടക്കന്‍ വീരഗാഥയിലെ ഡയലോഗുകള്‍ തിരിച്ചറിയാന്‍ ഒരു സൂചനകളുടെയും ആവശ്യമില്ല. മലയാള മനസ്സുകളില്‍ അത്രത്തോളം ഹൃദ്യമാണ് അവയെല്ലാം. എന്നാല്‍ എം.ടി. ആ സംഭാഷണം എഴുതിയത് ആ രംഗം ഷൂട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പാണെന്ന് എത്ര പേര്‍ക്ക് അറിയാം?
ഒന്നര വര്‍ഷത്തോളം നീണ്ട ചിത്രീകരണമായിരുന്നു വടക്കന്‍ വീരഗാഥയുടേത്. ക്ലൈമാക്സ് രംഗങ്ങള്‍ ഏറ്റവും അവസാനം ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനം. അതിനുവേണ്ടി മദ്രാസില്‍ കളരിയുടെ ഒരു സെറ്റ് പണികഴിപ്പിക്കുകയും ചെയ്തു.
ക്ലൈമാക്സ് രംഗത്ത് പ്രതികാരം ചോദിക്കാന്‍ വന്നവരെ ചന്തു പത്തൊമ്പതാം അടവുകൊണ്ട് കീഴ്പ്പെടുത്തുന്നു എന്നാണ് എം.ടിയുടെ യഥാര്‍ത്ഥ തിരക്കഥയില്‍ ഉണ്ടായിരുന്നത്. കളരിയെ കുറിച്ചുള്ള പഠനങ്ങളില്‍ നിന്ന് എംടി കണ്ടെത്തിയതാണ് ഈ അടവ് (പൂഴിക്കടകനല്ല. പൂഴിക്കടകനെ കുറിച്ച് ഡയലോഗില്‍ പരാമര്‍ശമുണ്ട്). എന്നാല്‍ ഇത് എങ്ങനെ പ്രായോഗിക്കണമെന്ന് എവിടെയും പ്രതിപാദിച്ചിട്ടുണ്ടായിരുന്നില്ല. അത് കണ്ടെത്താനായി എം.ടി. അസിസ്റ്റന്റ് ഡയറക്ടര്‍മാരെ നിയോഗിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ കളരികളിലും പോയി അവര്‍ അന്വേഷിച്ചു. എന്നാല്‍ അവര്‍ക്കാര്‍ക്കും പത്തൊമ്പതാമത്തെ അടവ് അറിയില്ലായിരുന്നു. പതിനെട്ട് അടവേ അറിയൂ. അങ്ങനെ ഒരു അടവ് ഇല്ലെന്ന് സംവിധാന സഹായികള്‍ക്ക് സ്ഥിരീകരിക്കാന്‍ ഒന്നര വര്‍ഷം വേണ്ടി വന്നു. പത്തൊമ്പതാമതൊരു അടവില്ലെന്ന് സംവിധായകന് ഹരിഹരനും എം.ടിയോട് പറഞ്ഞു. എങ്കില്‍ അത് നമുക്ക് ഡയലോഗിലൊതുക്കാം എന്നായി എം.ടി.
ഷൂട്ടിംഗിന് സമാന്തരമായി ചിത്രത്തിന്റെ ഡബ്ബിംഗും നടക്കുന്നുണ്ടായിരുന്നു. എല്ലാ ദിവസവും എംടി ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വരും. ഡയലോഗുകളുടെ ഉച്ഛാരണം ശരിയാണോ എന്ന് ഉറപ്പ് വരുത്താന്വേണ്ടിയായിരുന്നു അത്.
ക്ലൈമാക്സ് ചിത്രീകരിക്കേണ്ട ദിവസം വന്നു. മദ്രാസില്‍ കളരിയുടെ ഒരു പോര്‍ഷന്‍ സെറ്റിട്ടു. വൈകിട്ട് ആറുമണിക്കാണ് ഷൂട്ടിങ്.
പതിവുപോലെ അന്നും എംടി ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തി. അസോസിയേറ്റ് ഡയറക്ടര്‍ ശ്രീക്കുട്ടനും അവിടെ ഉണ്ടായിരുന്നു. ‘ഇന്നല്ലേ ക്ലൈമാക്സ് ഷൂട്ടിംഗ്?’ എം.ടി. ശ്രീക്കുട്ടനോട് ചോദിച്ചു. ‘അതെ’ അദ്ദേഹം മറുപടി പറഞ്ഞു. ഡബ്ബിംഗ് തീയേറ്ററില്‍നിന്ന് എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ എം.ടി. ശ്രീക്കുട്ടനോട് ഒരു പേപ്പര്‍ ആവശ്യപ്പെട്ടു. എടുത്ത് കഴിഞ്ഞിരുന്ന സീനിന്റെ പിറകുവശമാണ് അപ്പോള്‍ ലഭ്യമായത്. അത് എം.ടിക്ക് നല്കി. എം.ടി. അവിടിരുന്ന് എഴുതിയതാണ് ‘ഇതോ അങ്കം, ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിയ്ക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം’ എന്ന ഡയലോഗ്. അത് എഴുതി കഴിഞ്ഞപ്പോള്‍ അഞ്ച് മണിയായി. ശ്രീക്കുട്ടന് സീനുമായി ഹരിഹരന്റെ അടുത്ത് എത്തി. കൃത്യം ആറ് മണിക്ക് തന്നെ സീന്‍ ചിത്രീകരിക്കാന്‍ തുടങ്ങി.
Recent Comments