‘നേരി’നെക്കുറിച്ച് പറഞ്ഞ് തുടങ്ങേണ്ടത് എവിടെനിന്നാണ്? ആദ്യം അങ്ങനെയൊരു ആശയക്കുഴപ്പം ഉണ്ടാകാതിരുന്നില്ല. അവസാന ഭാഗത്തുനിന്നായാലോ? സാറ (അനശ്വര രാജന്) രണ്ട് കൈകള്‍ കൊണ്ടും അഡ്വക്കേറ്റ് വിജയമോഹനനെ (മോഹന്‍ലാല്‍) സ്പര്‍ശിക്കുന്ന ആ ഭാഗത്തുനിന്ന്. ആ സമയത്ത് തന്നെയാണല്ലോ വിജയമോഹന് തന്റെ കണ്ണട ഊരി മാറ്റുന്നതും, കണ്ണീര് പൊഴിക്കുന്നതും. സാറ ആകട്ടെ, വിറയാര്‍ന്ന കൈകള്‍ ചേര്‍ത്ത് തൊഴുകയ്യോടെ നില്‍ക്കുകയാണ്.
സൂക്ഷ്മാഭിനയത്തിന്റെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിത്. ഒരു ഭാഗത്ത് നടനകലയുടെ തമ്പുരാന്. മറുഭാഗത്ത് പുതുതലമുറയുടെ സൂര്യതേജസ്സ്. അഭിനേതാക്കളുടെ തന്മയീഭാവത്വം. സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകരുടെയും ഉള്ളൊന്ന് പിടയുകയാണ്. ചിലര്‍ കണ്ണീര് വാര്‍ത്തെന്നും വരും. പ്രേക്ഷകരും അതിലേയ്ക്ക് ഇഴുകിച്ചേരുകയാണ്. നേരിനെ നൈര്‍മല്യം കൊള്ളിക്കുന്ന രംഗം.
ആ രംഗത്തിന്റെ പിന്തുടര്ച്ചയെക്കുറിച്ചാണ് ഇനിയും പറയാനുള്ളത്. നീതിദേവതയുടെ അനുഗ്രഹം നേടിയശേഷം വാപ്പയ്ക്കും (ജഗദീഷ്) ഉമ്മയ്ക്കുമൊപ്പം (ശ്രീധന്യ) സാറ കോടതി മുറിക്കുള്ളില്‍നിന്ന് പുറത്തേയ്ക്ക് വരികയാണ്. അതുവരെ ഷാളുകൊണ്ട് മുഖം മൂടിയിരുന്ന സാറ ആ മുഖാവരണം എടുത്തു മാറ്റുകയാണ്. സ്വാതന്ത്ര്യത്തിന്റെ പ്രഘോഷണമാണത്. കോടതിക്ക് പുറത്ത് മാധ്യമപ്പട. സാറയുടെ വിഷ്വല്‍സ് പകര്‍ത്താന്‍ ഒരുങ്ങുന്ന ക്യാമറാമാനെ തടയുന്നത് സഹപ്രവര്‍ത്തക കൂടിയായ ഒരു പെണ്‍കുട്ടിയാണ്. പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്ത് ഇങ്ങനെയും നമുക്ക് മാറി ചിന്തിക്കാം എന്നൊരു വ്യക്തമായ സന്ദേശമാണ് ജീത്തു ജോസഫ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞുവച്ചിരിക്കുന്നത്.
തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തിരക്കഥകള്ക്കുമേല് മോഹന്‍ലാല്‍ എന്ന നടന് എന്നും അധീശത്വം സ്ഥാപിച്ചിട്ടേയുള്ളൂ. അത് തെളിയിച്ചുവച്ച ദീപം പോലെ സത്യമാണ്. ആ പ്രഭ നേരിലും തെളിഞ്ഞെന്നുമാത്രം. പക്ഷേ അനശ്വര അങ്ങനെയല്ല. അത്തരം കഥാപാത്രങ്ങളിലൂടെയൊന്നും അവര്‍ സഞ്ചരിച്ചിട്ടില്ല. നേരിലൂടെ അവര്‍ക്ക് അതിനൊരു അവസരം കൈവരികയാണ്. അതിനെ എത്ര തന്മയത്വത്തോടെയാണ് അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. ഒരു അന്ധയുടെ ക്ലീഷേ മാനറിസങ്ങളൊന്നും അനശ്വരയിലൂടെ എവിടെയും കാടു കയറുന്നില്ല. ആദ്യാവസാനം ആ കഥാപാത്രത്തിന്റെ ഭാവവാഹാദികളെ അവര്‍ നിലനിര്‍ത്തുന്നുമുണ്ട്. ഒറ്റവാക്കില്‍ ഗംഭീരം.
ലാലിനെ പോലെതന്നെയാണ് സിദ്ധിക്കിന്റെയും കാര്യം. അഡ്വക്കേറ്റ് രാജശേഖറിനെ സിദ്ധിക്ക് ഗംഭീരമാക്കി എന്ന് പറഞ്ഞാല്‍ അതിന് അതിശയോക്തിയില്ല. സിദ്ധിക്കിന്റെ റേയ്ഞ്ച് പരീക്ഷിക്കപ്പെടുകയല്ല, അതിന് മുകളിലൂടെ അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മൈക്കിളിനെ അവതരിപ്പിച്ച ശങ്കര്‍ ഇന്ദുചൂഡനിലും ഒരു പ്രതിഭയുടെ മിന്നലാട്ടം കാണാം.
കോടതി മുറിക്കുള്ളിലൂടെമാത്രം ഏറെയും സഞ്ചരിച്ചുപോകുന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് മേല്‍ സംവിധായകന് ജീത്തു ജോസഫും ക്യാമറാമാന് സതീഷ് കുറുപ്പും യുക്തിഭദ്രമായ ദൃശ്യവിതാനം മെനഞ്ഞെടുത്തിടത്താണ് നേര് അത്യാകര്ഷകമാകുന്നത്. കോടതി വ്യവഹാരങ്ങളെ അടുക്കടുക്കായി തുന്നിച്ചേര്‍ത്ത് വച്ചിരിക്കുന്ന തിരക്കഥാവൈഭവത്തിനും നേര് സാക്ഷിയാകുന്നു. അഭിഭാഷക കൂടിയായ ശാന്തി മായാദേവിക്കൊപ്പം ജീത്തുവിന്റെ കുറ്റാന്വേഷണ മനസ്സുകൂടി ചേരുമ്പോള്‍ കിട്ടുന്ന ഒരു Rare Blend. പഴയ ചില സിനിമകളിലെ സീനുകള്‍ എവിടെയോ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാഭാഗത്തിലേയ്ക്ക് അടുക്കുംതോറും ആകാശത്തിന്റെ അതിരുകളെ ഭേദിക്കുകയാണ് നേര്.
ദൃശ്യം പോലെ രണ്ടാം ഭാഗത്തിന്റെ സാധ്യത തുറന്നിട്ടിട്ടാണ് നേരും അവസാനിക്കുന്നത്. ലോകേഷ് സിനിമാ യൂണിവേഴ്സിറ്റി പോലെ ഒരു ജെസിയുവിനും സാധ്യത തള്ളിക്കളയാനാകില്ല.
കെ. സുരേഷ്
Recent Comments