ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്… ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ… ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റേല്ലാത്ത കുറ്റംകൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി…? ഞാന്‍ പറഞ്ഞു ആയില്ല ആവാം. ചേട്ടന് വിചാരിച്ചാല്‍ ഞാന്‍ ആവാം… സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു…
ഇന്ന് രാവിലെ അനില്‍ നെടുമങ്ങാട് സച്ചിയെക്കുറിച്ച് എഴുതിയ വരികളാണിത്. ഇന്ന് സച്ചിയുടെ ജന്മദിനം കൂടിയായിരുന്നല്ലോ. കരിയറിലെ മികച്ച കഥാപാത്രം സമ്മാനിച്ച സച്ചിയെ തന്റെ ഫെയ്സ്ബുക്ക് പേജിലെ കവര്‍പേജായി താന്‍ മരിക്കുവോളം വയ്ക്കുമെന്നാണ് അതില്‍ കുറിച്ചത്. ആ വാക്കുകളുടെ ചൂടാറുംമുമ്പേ അനിലിനെ മരണം കവര്‍ന്നുകൊണ്ടുപോയത് മറ്റൊരു വിധിനിയോഗമാവാം.
ഇന്ന് രാവിലെ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയുമായും അനില്‍ ഏറെനേരം ഫോണിലൂടെ ചാറ്റ് ചെയ്തിരുന്നു. ഇക്കാര്യം ബാദുഷ തന്നെയാണ് കാന്‍ ചാനലിനോട് പറഞ്ഞത്.
‘പ്രതിഫലത്തെക്കുറിച്ചാണ് അനില്‍ കുറിച്ചതെല്ലാം. സാധാരണ അനിലിനൊരു ശീലമുണ്ട്. ശമ്പളത്തെക്കുറിച്ച് ചോദിക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം അല്‍പ്പം ദേഷ്യപ്പെട്ടിട്ടാവും സംസാരിക്കുക. അതെനിക്ക് അറിയാം. അതുകൊണ്ട് ഞാന്‍ കാര്യമാക്കാറില്ല. എന്നാലും എന്നെ വലിയ ഇഷ്ടമായിരുന്നു. എന്തുകാര്യവും എന്നോട് വിളിച്ചു ചോദിച്ചിട്ടേ ചെയ്യാറുള്ളൂ. അടുത്തിടെ ഞാന്‍ ചെയ്ത ചിത്രങ്ങളിലെല്ലാം അനിലുമുണ്ടായിരുന്നു. അയ്യപ്പനും കോശിയിലും തുടങ്ങി കോള്ഡ്കേസിലും ഇപ്പോള്‍ റസ്റ്റ് ആന്റ് പീസിലും വരെ അനില്‍ ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. സിനിമയുടെ ടൈറ്റില്പോലെ അനിലിന് അന്ത്യനിദ്ര നേരേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.’ ബാദുഷ പറഞ്ഞു.
Recent Comments