കുവൈറ്റ് ആസ്ഥാനമാക്കി ഓയില്‍ നാച്വറല്‍ ഗ്യാസ് കമ്പനി നടത്തുന്ന ഫിലിപ്പ് സക്കറിയുടെയും ഭാര്യ അഞ്ജ ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ളതാണ് അഞ്ജന ടാക്കീസ്. ചലച്ചിത്ര സംവിധായകനും ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ. ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് വാര്‍സ് സ്റ്റുഡിയോ. ഈ രണ്ട് കമ്പനികളും സംയുക്തമായി സിനിമ നിര്‍മ്മാണത്തിലേക്ക് ഇറങ്ങുന്നു. ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈലയുടെ നിര്‍മ്മാതാവ് സന്തോഷ് കോട്ടായിയും ഈ സംരംഭത്തില്‍ പങ്കാളിയാണ്. കമ്പനിയുടെ ലോഗോ നടന് മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.
എസ്. ഹരീഷിന്റെ തിരക്കഥയില്‍ പ്രേം ശങ്കറാണ് കമ്പനിയുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. പാലക്കാടന്‍ പശ്ചാത്തലത്തില്‍ പറയുന്ന ഒരു ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. ഷൂട്ടിംഗ് ജനുവരിയില്‍ പാലക്കാട് ആരംഭിക്കും. പ്രേംശങ്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രം ‘രണ്ടുപേര്‍’. 2017 ല്‍ ഐ.എഫ്.എഫ്.കെയിലെ മത്സര വിഭാഗത്തില്‍ പ്രര്ശിപ്പിച്ച ചിത്രം കൂടിയാണ് രണ്ടുപേര്‍.
കാമ്പും കാതലുമുള്ള കഥകള്‍ കണ്ടെത്തി ചലച്ചിത്രം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ജന ടാക്കീസും വാര്‍സ് സ്റ്റുഡിയോസും ഒന്നിക്കുന്നത്. ആറോളം പ്രൊജക്ടുകളുടെ രചനാ ജോലികള്‍ പൂര്‍ത്തിയായി വരുന്നു. എസ്. ഹരീഷിന് പുറമെ സി.പി. സുരേന്ദ്രന്, ലാസര്‍ ഷൈന്‍, വിനോയ് തോമസ്, വി. ഷിനിലാല്‍, അബിന്‍ ജോസഫ് എന്നിവരുടെ രചനയിലാണ് മറ്റു സിനിമകള്‍ ഒരുങ്ങുന്നത്.
‘വലിപ്പത്തിലേക്ക് വളരുന്ന മലയാളം ഉള്‍പ്പെട്ട തെന്നിന്ത്യന്‍ സിനിമകള്‍ക്കൊപ്പം അഞ്ജന-വാര്‍സ് സംരംഭവങ്ങളും ഇനി ഉണ്ടെന്നത് ഏറെ സന്തോഷകരം. ഏറ്റവും മികച്ച കഥകള്‍ കണ്ടെത്തി മുന്നേറാനുള്ള ഈ സംരംഭത്തിന്റെ തീരുമാനങ്ങള്‍ക്ക് എല്ലാ ആശംസകളും പ്രാര്‍ത്ഥനയും.’ ലോഗോ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍ പറഞ്ഞു.
കഥയാണ് കാര്യം എന്നതാണ് ഈ നിര്‍മ്മാണകമ്പനിയുടെ ടാഗ് ലൈന്‍. വരും ദിവസങ്ങളില്‍ മറ്റു സിനിമകളും അതിന്റെ സംവിധായകരുടെയും പേരുവിവരങ്ങള്‍ പ്രഖ്യാപിക്കും.
Recent Comments