സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ശിവ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 4 ദീപാവലി ദിനത്തില്‍ റിലീസ് ചെയ്യും. അടുത്ത മാസം തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വരുമെന്നാണ് സൂചന.
പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രമാണ് അണ്ണാത്തെ. സ്ത്രീകളെയും കുട്ടികളെയും ആകര്‍ഷിക്കുന്ന ചിത്രം കൂടിയാണിതെന്ന് ചിത്രത്തിന്റെ ആദ്യ പകര്‍പ്പ് കണ്ട ശേഷം രജനി പറഞ്ഞിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. കീര്‍ത്തി സുരേഷ്, സണ്‍ പിക്ചേഴ്സ് തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. സ്റ്റൈലിഷ് ലുക്കില്‍ മുണ്ടുടുത്താണ് സൂപ്പര്‍ സ്റ്റാറിനെ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
മീന, ഖുശ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ഡി ഇമാനാണ് സംഗീതം.
അതോടൊപ്പംതന്നെ തല അജിത്ത് നായകനാകുന്ന ‘വലിമൈ’ എന്ന ചിത്രവും ദീപാവലി റിലീസായി ഒരുങ്ങുന്നുവെന്ന സൂചനയും കോടാമ്പക്കം വാര്‍ത്തകളില്‍ നിറയുന്നത്. പക്ഷേ ഇതുവരെ അതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
2019 ല്‍ തമിഴ് ഉത്സവമായ പൊങ്കല്‍ ദിനത്തിലും ഇതുപോലെ രജനിയുടെ ‘പേട്ട’യും അജിത്തിന്റെ ‘വിശ്വാസ’വും ഒരുമിച്ച് റിലീസ് ചെയ്തിരുന്നു. അന്ന് തമിഴ് നാട്ടില്‍ ഏറ്റവും അധികം ഗ്രോസ്സ് കളക്ഷന്‍ നേടിയത് ‘വിശ്വാസ’മായിരുന്നു. എന്നാല്‍ വേള്‍ഡ് വൈഡ് ഗ്രോസ്സിങ്ങില് രജനിയുടെ ‘പേട്ട’ മുന്നിലെത്തുകയായിരുന്നു. പൂര്‍ണ്ണമായും ആക്ഷന്‍ പാക്കേജില്‍ ഒരുക്കുന്ന വലിമൈ സവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്. ഇതിനുമുമ്പ് വന്‍ ഹിറ്റായിരുന്ന നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഇവര്‍ ഒരുമിച്ചിരുന്നത്. ബേവ്യൂ പ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹുമ ഖുറേഷി, സാക്ഷി അഗര്‍വാള്‍, കാര്‍ത്തികേയ എന്നിവരാണ് മറ്റ് താരങ്ങള്‍. യുവന് ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്.
വീണ്ടും സൂപ്പര്‍ സ്റ്റാറും തലയും തമ്മിലുള്ള വമ്പന്‍ തിയറ്റര്‍ ക്ലാഷിനായി തയ്യാറെടുകയാണ് തമിഴകം. രണ്ടുപേരുടേയും ആരാധകര്‍ വലിയ ആവേശത്തോടെയാണ് ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുന്നത്.
Recent Comments