ദീര്‍ഘകാലമായി വിവേക് മുഴക്കുന്നിനെ അറിയാം. മാധ്യമ സുഹൃത്തെന്ന നിലയില്‍ മാത്രമല്ല, സൗഹൃദത്തിന്റെ ഇഴയടുപ്പവും ഞങ്ങള്‍ക്കിടയിലുണ്ട്. അദ്ദേഹം ആദ്യമായി ഒരു സിനിമയ്ക്ക് പാട്ടെഴുതിയത് എന്നെ ഒട്ടും വിസ്മയിപ്പിക്കുന്നില്ല. കാരണം ആനുകാലികങ്ങളില്‍ കഥയായും കവിതയായും വിവേകിന്റെ രചനാകൗശലം തിരിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെയൊരാള്‍ സിനിമയ്ക്കുവേണ്ടിയും പാട്ടെഴുതി. അത്രയേയുള്ളൂ. അതല്പ്പം വൈകിപ്പോയെന്ന് മാത്രം.
മെലഡികളെ ഇഷ്ടപ്പെടുന്ന ഒരാളാണ് വിവേക്. ശോകഗാനങ്ങള്‍ കേട്ട് ഉറങ്ങാനാണ് അയാള്‍ക്കിഷ്ടം. എപ്പോഴെങ്കിലും ഒരാളെയെങ്കിലും കരയിപ്പിക്കുന്ന ഒരു പാട്ടെഴുതണമെന്നുള്ളത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഇക്കാര്യം വിവേക് തന്നെയാണ് പറഞ്ഞിട്ടുള്ളത്.
അറിഞ്ഞത്, വിവേക് അങ്ങോട്ട് അവസരം തേടി പോയി എന്നാണ്. തിരിമാലിയുടെ സംവിധായകന് രാജീവ് ഷെട്ടിയോടും നിര്‍മ്മാതാവ് എസ്.കെ. ലോറന്‍സിനോടും. വിവേകിന്റെ കഴിവുകളെ അറിയാവുന്നതുകൊണ്ട് അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എഴുതാന്‍ പറഞ്ഞു. അപ്പോഴും വിവേക് ഒരു നിബന്ധന വച്ചു. ‘ഇഷ്ടപ്പെട്ടാല്മാത്രം ഉപയോഗിക്കുക, അല്ലെങ്കില്‍ മറ്റൊരാളെ കൊണ്ട് എഴുതിപ്പിക്കണം.’ അതിനവര്‍ തയ്യാറായപ്പോഴാണ് വിവേക് എഴുതാനിരുന്നത്. സംഗീത സംവിധായകന് ശ്രീജിത്ത് ഇടവന ഈണങ്ങളിട്ട് നല്‍കുകയായിരുന്നു ആദ്യം. അതിനൊപ്പിച്ചാണ് വിവേക് വരികളെഴുതിയത്.
കാതങ്ങളായി പോകുന്നിതാ,
പാദങ്ങള്‍ മെല്ലെ ചേരുന്നിതാ,
ദീപം തരും താരാഗണം
ഈറന്‍ മുകില്‍ ആലോചകം വഴിയേ
മൂന്നിളം പറവകള്‍ ദൂരെ സദയം.
പാട്ടിന്റെ ചരണം ഇതായിരുന്നു. തൊട്ടുപിന്നാലെ പല്ലവിയും അനുപല്ലവിയും എഴുതിത്തീര്‍ത്തു. രണ്ട് രാത്രികളെടുത്താണ് ഈ പാട്ട് പൂര്‍ത്തിയാക്കിയത്.
കവിത വായിച്ച് കഴിഞ്ഞപ്പോള്‍ പല്ലവിയിലെ ഒരു വാക്ക് മാത്രമാണ് സംഗീതസംവിധായകന് തിരുത്തിയത്. അവിടുന്നങ്ങോട്ട് ഒരു പാട്ടിന്റെ പിറവികൊള്ളലായിരുന്നു. ഹരിശങ്കറിന്റെ സ്വരമാധുരികൂടി ചേര്‍ന്നപ്പോള്‍ ഒരഭൗമികഭംഗി അതിന് വന്നുചേര്‍ന്നു.
പിന്നാലെ ഒന്നല്ല, രണ്ട് പാട്ടുകളാണ് തിരിമാലിയുടെ അണിയറക്കാര്‍ വിവേകിനെക്കൊണ്ട് എഴുതിച്ചത്. രണ്ടാമത്തെ പാട്ടായപ്പോഴേക്കും ഒരു വരിപോലും തിരുത്തേണ്ടി വന്നില്ല. രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് തിരിമാലിയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോണി ആന്റണിയും ബിബിന്‍ ജോര്‍ജ്ജും ധര്മ്മജന് ബോള്‍ഗാട്ടിയും ചേര്‍ന്നാണ്. ജോണി ആന്റണി ആദ്യമായി പാടുന്ന ഗാനം എന്ന പ്രത്യേകതകൂടി അതിനുണ്ട്.
തിരിമാലിക്ക് പിന്നാലെ വാമനന് എന്ന ചിത്രത്തിനുവേണ്ടിയും വിവേക് പാട്ടുകള്‍ എഴുതിക്കഴിഞ്ഞു. മൂന്ന് പ്രൊജക്ടിന്റെ ഭാഗമാകാനുള്ള ഒരുക്കങ്ങളിലുമാണ്. മലയാള സിനിമാ ഗാനശാഖയ്ക്ക് ഒരു പുതുപുത്തന്‍ ഗാനരചയിതാവിനെക്കൂടി വിവേക് മുഴക്കുന്നിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നു. ആ ചെറുപ്പക്കാരന് എല്ലാ മംഗളങ്ങളും നേരുന്നു.
-കെ. സുരേഷ്
Recent Comments