ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന് സിദ്ദിഖിന്റേയും എംഎല്‍എ മുകേഷിന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് (സെപ്തംബര്‍ 3) പരിഗണിക്കും. സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതിയാണ്. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോള്‍ പറയുന്നത് എന്നുമാണ് സിദ്ധിഖിന്റെ വാദം.
അതേസമയം എം. മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. മുകേഷിന് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷന് നിലപാട്. ഈ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.
നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പാണ് മാറാട് പോലീസ് ചുമത്തിയിരിക്കുന്നത്. മുകേഷിനൊപ്പം അഭിഭാഷകന് ചന്ദ്രശേഖറിന്റെ മുക്കൂര്‍ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ 26 നാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കുകയുമുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. നിലവില്‍ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതിന് കോടതിയുടെ വിലക്കുണ്ട്.
Recent Comments