വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിച്ച് ആന്റണി പെപ്പെ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലം കാവനാട് പുരോഗമിക്കുകയാണ്. ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പന്‍ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ഈ ബോട്ടിലാണ് കടല്‍ രംഗങ്ങള്‍ പ്രധാനമായും ചിത്രീകരിക്കുന്നത്. കലാസംവിധായകന്‍ വിനോദ് രവീന്ദ്രന്റെ നേതൃത്വത്തിലാണ് ഈ കൂറ്റന്‍ ബോട്ടിന്റെ സെറ്റ് ഒരുങ്ങിയിരിക്കുന്നത്. 70 ശതമാനവും കടലിനകത്തുള്ള രംഗങ്ങളാണ് ഈ ചിത്രത്തിനുള്ളത്. ഇതിന്റെ ആവശ്യത്തിലേയ്ക്കാണ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നതും.
കടല്‍ രംഗങ്ങള്‍ ആദ്യം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത് രാമേശ്വരത്തായിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചിത്രീകരണം കൊല്ലത്തേയ്ക്ക് മാറ്റുകയായിരുന്നു. കൊല്ലത്ത് നീണ്ടകരയിലും കാവനാടും പരിസരപ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
ആര്.ഡി.എക്സിന്റെ വന്‍ വിജയത്തിനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈറ്റില്‍ ആയിട്ടില്ല. വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ആന്റണി പെപ്പെയെ കൂടാതെ ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായര്‍, ശരത് സഭ, നന്ദു, സിറാജ്, ജയക്കുറുപ്പ്, ആഭാ.എം. റാഫേല്‍, ഫൗസിയ മറിയം ആന്റണി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഓണം റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.
കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ചിത്രം.
Recent Comments