എറണാകുളം മഹാരാജാസ് കോളേജില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ആന്റണി വര്‍ഗ്ഗീസും അഭിഷേകും. ആന്റണിയെവച്ച് ആദ്യമായി ഒരു ഷോട്ട് ഫിലിം സംവിധാനം ചെയ്തതും അഭിഷേകാണ്. അന്നൊന്നും താനൊരു സിനിമാനടനാകുമെന്ന് ആന്റണി വര്‍ഗ്ഗീസിന്റെ വിദൂര സ്വപ്നങ്ങളില്‍പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം നടനായി. ഒരു ഡസനോളം സിനിമകളില്‍ അഭിനയിച്ചു. നാല് സിനിമകള്‍ റിലീസായി. നാലും സൂപ്പര്‍ ഹിറ്റ്. എന്നിട്ടും ആന്റണി അഭിഷേകിനെ മറന്നില്ല. മറന്നില്ലെന്ന് മാത്രമല്ല, മറ്റൊരു ആത്മസുഹൃത്ത് കൂടിയായ അനുരാജിനോട് പറഞ്ഞത്, ഒരു നല്ല കഥയുണ്ടായാല്‍ അത് അഭിഷേകിനോട് പറയണമെന്നാണ്. അങ്ങനെ ആന്റണി വഴി അനുരാജ് അഭിഷേകിനെ പരിചയപ്പെടുന്നു.
അവരുടെ സൗഹൃദം കനക്കുന്നതിനിടെ എപ്പോഴോ ആണ് അനുരാജ് ആ കഥ അഭിഷേകിനോട് പറയുന്നത്. അതൊരു ലൗവ് സ്റ്റോറിയായിരുന്നു. ക്യാമ്പസും കുടുംബവും എല്ലാം ഇഴപിരിഞ്ഞ് കിടക്കുന്ന ഒരു പ്രണയകഥ. അഭിഷേകും അനുരാജും ചേര്‍ന്ന് അത് വികസിപ്പിച്ചു. അതിനൊരു തിരക്കഥാരൂപം ആയപ്പോള്‍ ആന്റണിയെ വായിച്ച് കേള്‍പ്പിച്ചു. ഫസ്റ്റ് ഹാഫ് ആന്റണിക്ക് ഇഷ്ടമായി. സെക്കന്റ് ഹാഫില്‍ ചില തിരുത്തലുകള്‍ പറഞ്ഞു. എന്തെങ്കിലും തിരുത്തലുകള്‍കൊണ്ട് പ്രയോജനമുണ്ടായിരുന്നില്ല. അതുകൊണ്ട് സെക്കന്റ് ഹാഫ് മൊത്തത്തില്‍ പൊളിച്ചെഴുതാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് അവര്‍ക്കിടയിലേയ്ക്ക് ഒരു ആശയം കടന്നെത്തുന്നത്. അത് ഗംഭീരമാണെന്ന് അഭിഷേകിനും അനുരാജിനും തോന്നി. അങ്ങനെ സെക്കന്റ് ഹാഫും എഴുതി പൂര്‍ത്തിയാക്കി. തിരക്കഥയില്‍ വന്ന മാറ്റം ആന്റണിക്കും ഇഷ്ടമായി. പിന്നീട് അതൊരു സിനിമയായി തീരാന്‍ അധികനാളുകള്‍ എടുത്തില്ല.
ചിത്രത്തിന്റെ ഷൂട്ടിംഗ് 20 ന് തുടങ്ങും. പഴയ തങ്ങളുടെ ക്യാമ്പസിലേയ്ക്ക് അവര്‍ സിനിമയുമായി കടന്നുവരികയാണ്. ഈ ചിത്രത്തിന്റെ ഏറിയ പങ്കും ഷൂട്ട് ചെയ്യുന്നത് മഹാരാജാസ് കോളേജിലാണ്. അടുത്തിടെയുണ്ടായ ചില ക്യാമ്പസ് കൊലപാതകങ്ങളുടെ പേരില്‍ കോളേജുകള്‍ താല്‍ക്കാലികമായി ഷൂട്ടിംഗിന് അനുവദിക്കുന്നില്ല എന്നൊരു കീറാമുട്ടി നിലനില്‍ക്കുന്നുണ്ടെങ്കിലും അതെല്ലാം വഴിമാറുമെന്നാണ് അവരുടെ വിശ്വാസം.
അങ്ങനെ അനുരാജിന്റെ തിരക്കഥയില്‍ അഭിഷേക് കെ.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗ്ഗീസ് എന്ന ആന്റണി പെപ്പെ അഭിനയിക്കുന്നു. ആന്റണി ഇതുവരെ ചെയ്തുവന്ന കഥാപാത്രങ്ങളില്നിന്നൊക്കെ വിഭിന്നമായി ലൗവ്വര്‍ ബോയി ഇമേജുള്ള ടൈറ്റില്‍ ക്യാരക്ടറിനെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നറിയുന്നു. ആന്റണിയുടെ കരിയറില്‍ മറ്റൊരു ബ്രേക്ക് ത്രൂവാകും ഈ കഥാപാത്രവും.
ചിത്രത്തിന് ടൈറ്റില്‍ ആയിട്ടുണ്ട്. അത് ഒഫിഷ്യലി അനൗണ്‍സ് ചെയ്യും.
രണ്ട് പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളതെന്നറിയുന്നു. അതിലൊരാള്‍ നന്ദന രാജനാണ്. ഇവരെക്കൂടാതെ ബാലചന്ദ്രന് ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍ തുടങ്ങിയവരും താരനിരയിലുണ്ടാവും.
ഡോ. പോള്‍സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൂമരം, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കുശേഷം ഡോ. പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ബബ് ലു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ ദാസും പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദുമാണ്.
Recent Comments