ആന്റണി വര്‍ഗീസിനെ നായകനാക്കി വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂവന്. ചിത്രീകരണം പൂര്‍ത്തിയായ പൂവന് ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകന് എ.ഡി. ഗിരീഷിനൊപ്പം തിരക്കഥാരചനയില്‍ പങ്കാളിയായിട്ടാണ് വിനീത് വാസുദേവന്റെ ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. ഈ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും വിനീതിന് അവസരമുണ്ടായി. അതിന് പിന്നാലെയാണ് പൂവനിലൂടെ അദ്ദേഹം സംവിധാന മേലങ്കിയും അണിയുന്നത്.
ഇടത്തരം തൊഴിലുകള്‍ ചെയ്തു ജീവിക്കുന്ന ഒരുപറ്റം സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന പ്രദേശത്താണ് കഥ നടക്കുന്നത്. അവരിലൊരാളാണ് ഹരിയും. ഹരിയെ കേന്ദ്രീകരിച്ചാണ് പൂവന്റെ കഥ മുന്നോട്ട് പോകുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിക്കുന്ന യുവാവാണ് ഹരി. ഇതിനിടയില്‍ വേറെയും ചില പ്രതിസന്ധികള്‍ അയാളെ കാത്തിരിക്കുകയാണ്. ഇതിനെ രസാവഹമായി അവതരിപ്പിക്കുകയാണ് പൂവനിലൂടെ വിനീത് വാസുദേവന്‍.
ഹരിയെ അവതരിപ്പിക്കുന്നത് ആന്റണി വര്‍ഗീസാണ്. ആന്റണിവര്ഗീസിനെയും മണിയന് പിള്ള രാജുവിനെയും ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റഭിനേതാക്കളെല്ലാം താരതമ്യേന പുതുമുഖങ്ങളാണ്. അമച്വര്‍ നാടക പ്രവര്‍ത്തകരും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകളുമാണ് അവരിലേറെയും. റിങ്കു രണധീര്‍, അഖില ഭാര്ഗവന്, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് നായികമാര്‍. വരുണ്‍ ധാര, സജിന്‍, വിനീത് വിശ്വനാഥന്, അനീസ് ഏബ്രഹാം, സുനില്‍ മേലേപ്പുറം, ബിന്ദു സതീഷ് കുമാര്‍ എന്നിവരും താരനിരയിലുണ്ട്. സംവിധായകന് വിനീത് വാസുദേവനും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്നാണ് പൂവന് നിര്‍മ്മിക്കുന്നത്. വരുണ്‍ ധാര തിരക്കഥ എഴുതിയിരിക്കുന്നു. സെന്ട്രല്പിക്ച്ചേര്സിനാണ് വിതരണാവകാശം. പി.ആര്.ഒ വാഴൂര്‍ ജോസ്.
Recent Comments