ജെ.സി. ഡാനിയേല്‍ പുരസ്കാരവും ഇംഗ്ലീഷ് അക്ഷരമാലയിലെ ‘പി’യുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നാണ് മറുപടിയെങ്കില്‍ അതിന് തല്ക്കാലം ചില കൂട്ടിച്ചേര്‍ക്കലുകള്‍ വേണ്ടിവരും. ജെ.സി. ഡാനിയേല്‍ പുരസ്കാരം തൃശൂരിലേയ്ക്ക് കൊണ്ടുവന്നവരുടെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും.

സിനിമാ മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ജെ.സി. ഡാനിയേല്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്. നിര്‍മ്മാതാവും വിതരണക്കാരനുമായ ടി.ഇ. വാസുദേവനായിരുന്നു ആദ്യ പുരസ്കാര ജേതാവ്. 1992 ലാണ് അദ്ദേഹത്തെ ഈ ബഹുമതി തേടിയെത്തിയത്. ഏറ്റവും ഒടുവിലായി ഗായകന് പി. ജയചന്ദ്രനും ഈ പുരസ്കാരത്തിന് അര്‍ഹനായി.

ഇക്കാലത്തിനിടയില്‍ തൃശൂര്‍ ജില്ലയില്‍നിന്നുള്ള നാല് പേരാണ് ജെ.സി. ഡാനിയേല്‍ പുരസ്കാരം സ്വന്തമാക്കിയത്. പി. ഭാസ്കരന്, പി.എന്‍. മേനോന്, പി. രാമദാസ്, പി. ജയചന്ദ്രന്. നാലുപേരുടെയും ഇനിഷ്യല്‍ ആരംഭിക്കുന്നത് പിയില്‍നിന്നാണ്.

പാട്ടെഴുത്തിന്റെ മഹാഗുരു പുല്ലൂറ്റ് പാടത്ത് ഭാസ്കരമേനോനാണ് ജില്ലയിലേക്ക് ആദ്യമായി ജെ.സി. ഡാനിയേല്‍ പുരസ്കാരം കൊണ്ടുവന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ പി. ഭാസ്ക്കരന്‍ മാഷിനെ 1994 ലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പുരസ്കാരം നല്കി ആദരിച്ചത്. വടക്കാഞ്ചേരിക്കാരനായ പ്രശസ്ത സംവിധായകന് പാലിശ്ശേരി നാരായണന്‍കുട്ടി മേനോനാണ് 2001 ല്‍ ജെ.സി ഡാനിയേല്‍ പുരസ്കാരം തൃശൂരിലേയ്ക്ക് വീണ്ടും എത്തിച്ചത്. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ പുതാംപ്പിള്ളി രാമദാസിനെ തേടി 2007 ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം ഭാവഗായകന് പാലിയത്ത് ജയചന്ദ്രനിലൂടെ ജില്ലയിലേക്ക് വീണ്ടും വന്നിരിക്കുകയാണ്. ഇപ്പോള്‍ ജെ.സി. ഡാനിയേല്‍ പുരസ്കാരവും പിയുമായുള്ള ബന്ധം വ്യക്തമായില്ലേ. തൃശൂരിലെ പി മാഹാത്മ്യം അതിലൊരു ഏട് മാത്രമാണ്.
പി. ബാബു ഗുരുവായൂര്‍
Recent Comments